Lifestyle

പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയ്ക്ക് ഫലമുണ്ടോ? കണ്ടുപിടിക്കാന്‍ AI ടൂള്‍

ആധുനിക വൈദ്യശാസ്ത്രം വന്ധ്യതാ ചികിത്സയുടെ കാര്യത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ചികിത്സയെത്തുടര്‍ന്ന് ഫലസിദ്ധിക്കായി വളരെ നാളുകള്‍ കാത്തിരിക്കേണ്ടിവരുത്തുന്നത് ദമ്പതികളില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. അവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയുടെ ഫലപ്രാപ്തിയറിയാനായി ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ എന്ന എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ). നോയിഡ അമിറ്റി സർവകലാശാലയുമായി ചേര്‍ന്നാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാർ കണ്ടെത്തി കൃത്രിമ ഗർഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ വികസിപ്പിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്തിലെ സീനിയര്‍ ശാസ്ത്രജ്ഞൻ ഡോ. ദീപക് മോദിയാണ് പുതിയ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെപ്പറ്റി വ്യക്തമാക്കിത്. വന്ധ്യത അനുഭവിക്കുന്ന ദമ്പതിമാരില്‍ 50 ശതമാനവും പുരുഷന്‍മാരാണ്. ഈ പഠനത്തിനായി 500-ലധികം പുരുഷന്മാരുടെ ഡേറ്റ സംഗ്രഹിച്ച്, മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഈ ടൂൾ വികസിപ്പിച്ചത്. ഇതിനായി രണ്ട് വർഷം എടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ബീജസങ്കലനത്തിന്റെ തോത്, ക്ലിനിക്കൽ ഗർഭധാരണത്തിനുള്ള സാധ്യത, ജനന നിരക്ക് എന്നിവ ഫെർട്ടിലിറ്റി പ്രെഡിക്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവചിക്കാനാകും. ഇത് വന്ധ്യതാനിവാരണ ചികിത്സകൾക്കു വിധേയരാകുന്ന ദമ്പതിമാർക്ക് കൂടുതല്‍ സഹായകരമാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *