ഏഷ്യാക്കപ്പില്‍ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ ക്രിക്കറ്റിന്റെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. അടുത്ത മാസം ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഓസ്‌ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാമന്മാരായി കളിക്കിറങ്ങാം. ഏഷ്യാക്കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചത് ഇന്ത്യയ്ക്ക് ഇരട്ട നേട്ടമാണ് സമ്മാനിച്ചത്. ഏഷ്യാകപ്പിന്റെ ഫൈനലില്‍ കടന്നതിനൊപ്പം ഏകദിന റാങ്കിംഗില്‍ മുമ്പോട്ട് കയറാനായി.
പാകിസ്താനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ഏഷ്യാക്കപ്പിന് എത്തുമ്പോള്‍ വരെ മൂന്നാം സ്ഥാനത്തായിരുന്നു. ഏഷ്യാക്കപ്പ് സൂപ്പര്‍ഫോറില്‍ രണ്ടുകളികളും തോറ്റ പാകിസ്താന്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുമായി രണ്ടു പോയിന്റിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്ക്.
ഒക്‌ടോബര്‍ 8 ന് ഇന്ത്യന്‍ ഓസ്‌ട്രേലിയ മത്സരത്തോടെ ചെന്നൈയിലാണ് ലോകകപ്പ് തുടങ്ങുക. അതിന് മുമ്പായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നേടിയ തുടര്‍ വിജയങ്ങളാണ് ഓസീസിനെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. എന്നിരുന്നാലും മൂന്നാം ഏകദിനത്തില്‍ 111 റണ്‍സിന് തോറ്റത് ഇന്ത്യയ്ക്ക് അവസരമായി മാറിയേക്കും. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ രണ്ടു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.