Featured Movie News

‘ഞാന്‍ ബലിയാട്, ടിക്കറ്റുമായി വന്നാല്‍ വേണ്ടതു ചെയ്യാം’; സം​ഗീതനിശാ വിവാദത്തിൽ എ.ആർ. റഹ്മാൻ

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീതനിശയിലുണ്ടായ സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി എ.ആര്‍. റഹ്മാന്‍ രംഗത്ത്.

”പ്രിയപ്പെട്ട ചെന്നൈ മക്കളേ, നിങ്ങളില്‍ ടിക്കറ്റ് വാങ്ങുകയും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം പ്രവേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍, ദയവായി നിങ്ങളുടെ ടിക്കറ്റ് വാങ്ങിയതിന്റെ ഒരു പകര്‍പ്പ് എആര്‍ആര്‍4ചെന്നൈഅറ്റ്ബിടിഒഎസ് ഡോട്ട് ഇന്‍ എന്ന വിലാസത്തില്‍ നിങ്ങളുടെ പരാതികള്‍ക്കൊപ്പം ഷെയര്‍ ചെയ്താല്‍ ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും.” റഹ്മാന്റെ പ്രസ്താവനയില്‍ പറയുന്നു.

”ചിലര്‍ എന്നെ ‘ഗോട്ട്’ എന്ന് വിളിക്കാറുണ്ട്. എല്ലാവര്‍ക്കും ഉണര്‍ന്നിരിക്കാന്‍ ഈ സമയം ഞാന്‍ ബലിയാടായിരിക്കട്ടെ. ചെന്നൈയുടെ കല സജീവമായി തഴച്ചുവളരട്ടെ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ടൂറിസത്തിലെ വര്‍ധന, ജനക്കൂട്ടത്തിന്റെ കാര്യക്ഷമമായ നിയന്ത്രണം, ട്രാഫിക് മാനേജ്‌മെന്റ്, നിയമങ്ങള്‍ പാലിക്കാന്‍ പ്രേക്ഷകരെ നവീകരിക്കല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതവും അതിയാഥാര്‍ത്ഥ്യവുമായ അനുഭവം സൃഷ്ടിക്കുക. അന്താരാഷ്ട്രവും പ്രാദേശികവുമായ പ്രതിഭകള്‍ പ്രശോഭിതമാകട്ടെ.” ഓസ്‌കാര്‍ ജേതാവ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൂട്ടിച്ചേര്‍ത്തു,

‘മറക്കുമാ നെഞ്ചം’ എന്ന പേരിലുള്ള റഹ്മാന്റെ കഴിഞ്ഞ ദിവസത്തെ ഷോ വന്‍ വിവാദത്തിലായിരുന്നു. 5000 രൂപ വരെ ടിക്കറ്റെടുത്തവര്‍ക്ക് പോലും പരിപാടി കാണാന്‍ കസേര കിട്ടാതെ വരികയും തിക്കിലും തിരക്കിലും അക്രമികള്‍ സ്ത്രീകളെ ശാരീരിക പീഡനത്തിനും മറ്റും ഇരയാക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുകയും ആള്‍ക്കാര്‍ പരിപാടി കാണാതെ മടങ്ങുകയും മറ്റും ചെയ്തിരുന്നു.

പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഒരുക്കാത്തതും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയവര്‍ക്ക് ഭയാനകമായ അനുഭവമായി മാറിയെന്നും ആക്ഷേപമുണ്ട്. ടിക്കറ്റുകള്‍ അമിതമായി അനുവദിച്ചതാണ് പ്രശ്‌നമായതെന്നാണ് ഉയര്‍ന്ന ആക്ഷേപം. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പരിപാടിയുടെ സംഘാടകര്‍ മാപ്പ് പറഞ്ഞു.

അതേസമയം റഹ്മാന്‍ ഓഗസ്റ്റില്‍ ചെന്നൈയില്‍ അവതരിപ്പിക്കേണ്ടിയിരുന്ന പരിപാടി കനത്ത മഴയെത്തുടര്‍ന്ന് അന്ന് ഉപേക്ഷിച്ചിരുന്നു. സെപ്തംബര്‍ 10-ന് ചെന്നൈയിലെ പന്നയ്യൂരിലെ അതേ വേദിയില്‍ എന്ന കച്ചേരി വീണ്ടും ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ഷോ ആദ്യം മുടങ്ങിയപ്പോള്‍ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയെക്കുറിച്ച് റഹ്മാന്‍ അന്ന് ഊന്നിപ്പറയുകയും ചെയ്തിരുന്നു.

രജനികാന്തിന്റെ ‘ലാല്‍ സലാം’, ശിവകാര്‍ത്തികേയന്റെ ‘അയാളന്‍’, വിജയ് സേതുപതിയുടെ ‘ഗാന്ധി ടോക്ക്സ്’, ജയം രവിയുടെ ‘ജീനി’, ധനുഷിന്റെ ‘ഡി 50’, കമല്‍ഹാസന്‍ – മണിരത്നം ഒന്നിക്കുന്ന ‘കെഎച്ച് 234’ എന്നിങ്ങനെ അനേകം സിനിമകളാണ് റഹ്മാന്റെ പാട്ടിന് വേണ്ടി വരി നില്‍ക്കുന്നത്.