സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരവിന്ദ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായിക വേഷങ്ങളടക്കം ചെയ്ത് മലയാളത്തില്‍ മികച്ച സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വൻ ജനപ്രീതി നേടിയതോടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായ താരം കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ്. സ്വന്തം വീട്ടിലെ അനിയത്തി കുട്ടി എന്നുള്ള ഇമേജാണ് കുടുംബസദസ്സുകളില്‍ അഞ്ജുവിനുള്ളത്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീരിയല്‍ മേഖലയോട് ഗുഡ്ബൈ പറയുന്നതെന്ന് പറയുകയാണ് അഞ്ജു അരവിന്ദ്. സീരിയലില്‍ നിന്നുണ്ടായ വിഷമകരമായ അനുഭവങ്ങളാണ് വേണ്ടെന്നു വയ്ക്കാനുള്ള കാരണമെന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.
‘‘സീരിയലുകളോടൊക്കെ ബൈ പറഞ്ഞ മട്ടിലാണ് ഞാനുള്ളത്. വിഷമിപ്പിക്കുന്ന ചില അനുഭവങ്ങള്‍ ഉണ്ടായി. സുധാമണി സൂപ്പർ എന്ന സീരിയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഞാനെന്റെ നൂറ് ശതമാനം കൊടുത്തിട്ടാണ് അതില്‍ വർക്ക് ചെയ്തത്. പക്ഷേ അവിടെ നിന്ന് വളരെ വിഷമകരമായ അനുഭവങ്ങളൊക്കെ ഉണ്ടായി. ആ ലൊക്കേഷനില്‍ത്തന്നെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആത്മഹത്യ ചെയ്തു. മനസിനെ ഭയങ്കരമായി വിഷമിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. അതിന് ശേഷം ഞാൻ സീരിയലുകള്‍ ചെയ്‌തിട്ടില്ല…’’ അഞ്ജു അരവിന്ദ് പറയുന്നു.




