Celebrity

ആളെ അത്ര പരിചയമില്ലാന്ന് തോന്നുന്നു, സ്വന്തംപേരില്‍ ക്രിപ്റ്റോ നാണയമുള്ള മസ്‌കിന്റെ അരുമകള്‍

അഞ്ച് കമ്പനികളുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികന്മാരില്‍ ഒരാള്‍. അദ്ദേഹത്തിനാവട്ടെ നിരവധി അരുമകളുണ്ട്. വളര്‍ത്തുനായയായ ഫ്‌ളോകിയാണ് പ്രമുഖന്‍. ആളെ അത്ര നിസാരക്കാരനായി കാണണ്ടാ .സ്വന്തം പേരില്‍ ക്രിപ്റ്റോ നാണയമൊക്കെയുള്ള വ്യക്തിയാണ്.

മസ്‌ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ നായക്കുട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. ഫ്‌ളോക്കിയുടെ പേരും വെളിപ്പെടുത്തിയിരുന്നു. ഒട്ടും വൈകാതെ തന്നെ ആരൊക്കെയോ ചേര്‍ന്ന് ഷിബാ ഫ്ളോകി, ഫ്ളോകി ഇനു തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങളും പുറത്തിറക്കി.

ജപ്പാനിലെ ഒരു നായ ഇനമാണ് ഷിബാ ഇനു. ഫ്ളോകിയും ഈ ഇനത്തില്‍ പെടുന്നതാണ്. ഷിബാ ഇനു നായകള്‍ കുറച്ച് കാലമായി ക്രിപ്റ്റോ നാണയ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. ഡോഗ് കോയിൻ എന്ന നാണയം ഷിബാ ഇനു നായകളെ അടിസ്ഥാനപ്പെടുത്തിയാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇന്റര്‍നെറ്റില്‍ ഡോഗ് എന്ന പേരില്‍ കുറച്ച് ട്രോളുകളും പ്രചരിച്ചിരുന്നു.

ഈ ട്രോളുകളുടെ ജനപ്രീതി കണ്ടാണത്രേ ഡോഗ്കോയിന്‍ വരുന്നത്. നിലവിലുള്ള പ്രശസ്ത ക്രിപ്റ്റോ നാണയങ്ങളായ ബിറ്റ്‌കോയിന്‍ എഥീറിയം തുടങ്ങിയവയെ കളിയാക്കികൊണ്ട് വന്ന ഈ നാണയം പിന്നീട് വലിയ ഹിറ്റായി തീരുകയായിരുന്നു.

ഇതിന്റെ വമ്പന്‍ വിജയത്തില്‍ ഒരു ചെറിയ പങ്ക് നമ്മുടെ ഇലോണ്‍ മസ്‌കിനുമുണ്ട്. അദ്ദേഹം നടത്തിയ ട്വീറ്റുകളും അതിന്റെ വില കൂട്ടുന്നതിന് കാരണമായി തീര്‍ന്നു. മസ്‌കിന് ഗാറ്റസ്ബി എന്ന നായയും മാര്‍വിന്‍ എന്ന നായയുമുണ്ട്. ഇതിന് പുറമേ ഷ്രോഡിഞ്ചര്‍ എന്ന പൂച്ചയും ഷ്രെബ് എന്ന ഇത്തിള്‍പന്നിയും മാസ്‌കിന്റെ അരുമകളാണ്.