ബീഫ് ഫ്രൈ ചെയ്തോ അല്ലെങ്കില്‍ കറിയാക്കിയോ ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാകും നമ്മള്‍. എന്നാല്‍ വീട്ടില്‍ ബീഫ് വാങ്ങുമ്പോള്‍ അത് നല്ല ബീഫാണോ അതോ മോശം ആണോയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി കുറച്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. നമ്മള്‍ വാങ്ങുന്ന ബീഫിന്റെ മണം, ഗുണം, എന്തിന് പറയണം അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം.
ബീഫിന്റെ നിറം നോക്കി നമ്മള്‍ വാങ്ങുന്ന ബീഫ് ഫ്രെഷാണോയെന്ന് മനസ്സിലാക്കാം. ഫ്രെഷായിട്ടുള്ള ബീഫിന് എപ്പോഴും ഒരു ചുവപ്പ് നിറമായിരിക്കും. ഇറച്ചി പുതിയതാണ് എന്നതിന്റെ സൂചനയാണിത്. അതേ സമയം ഗ്രൗണ്ട് ബീഫാണെങ്കില്‍ പുറമേ ബ്രൈറ്റ് റെഡും അകത്ത് ചെറിയ ബ്രൗണിഷ് കളറും കാണാം.
ഇറച്ചിക്ക് പഴക്കമുണ്ടെങ്കില്‍ ഇരുണ്ട നിറമായിരിക്കും. പേശി നാരുകള്‍ ദുര്‍ബലമാകുന്നതാണ് നിറവിത്യാസത്തിന് കാരണം.
മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളെയാണ് മാര്‍ബ്ലിങ് എന്ന് വിളിക്കുന്നത്. ഇത് ബീഫിന്റെ ഗുണം അളക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. നല്ല മാര്‍ബ്ലിങ് ആണെങ്കില്‍ ഇറച്ചി നല്ലതാണെന്നാണ് അര്‍ത്ഥം. ബീഫിന്റെ സ്വാദ് വര്‍ധിപ്പിക്കുന്നത് മാര്‍ബ്ലിങ്ങാണ്. മാര്‍ബ്ലിങ് കുറഞ്ഞ ബീഫിന് നല്ല ബീഫിനെക്കാള്‍ രുചി കുറവായിരിക്കും.
ഫ്രഷായിട്ടുള്ള ബീഫിന് ഒരു വൃത്തിയുള്ള മണമുണ്ടായിരിക്കും. പക്ഷേ അതിന് ഒരിക്കലും പുളിച്ചതോ രൂക്ഷമായതോ ആയ ഗന്ധമുണ്ടാകാനായി പാടില്ല. അത്തരത്തിലുള്ള ഗന്ധം ബീഫ് കേടായതിന്റെ സൂചനയാണ്. ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ ഇറച്ചി കേടായതായി മനസ്സിലാക്കാനായി സാധിക്കില്ല. ആ സാഹചര്യത്തില്‍ ഇറച്ചി വേവിക്കുമ്പോള്‍ രൂക്ഷഗന്ധം ഉണ്ടാകാനായി സാധ്യതയുണ്ട്. അത് മോശമായ ബീഫിന്റെ ലക്ഷണമാണ്.
ബീഫ് മികച്ചതാണോ അല്ലയോ എന്ന് അറിയാനുള്ള മറ്റൊരു വഴി അതിന്റെ കൊഴുപ്പിന്റെ ഭാഗത്തെ നിറം നോക്കുകയെന്നാണ് . വെള്ള നിറത്തിലോ അല്ലെങ്കില്‍ ചെറിയ മഞ്ഞ കലര്‍ന്ന നിറത്തിലോ ആയിരിക്കും ഈ കൊഴുപ്പിന്റെ ഭാഗം. മൃഗങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് കൊഴുപ്പിന്റെ നിറത്തില്‍ വ്യത്യാസം വരുന്നത്. പുല്ല് കഴിച്ച മൃഗമാണെങ്കില്‍ അതിന്റെ കൊഴുപ്പ് മഞ്ഞ കലര്‍ന്ന നിറമായിരിക്കും. ബീഫ് ഉയര്‍ന്ന ഗുണനിലവാരം ഉള്ളതാണെന്നതിന്റെ അടയാളമാണിത്. ഇതില്‍ ഒമേഗ – 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ധാന്യങ്ങള്‍ കഴിക്കുന്ന പോത്തിന്റെ ഇറച്ചിയില്‍ കൊഴുപ്പിന്റെ നിറം വെള്ളയായിരിക്കും. ഇതില്‍ ബീഫിന്റെ ചുവന്ന ഭാഗം നല്ലതാണെങ്കില്‍ കൊഴുപ്പും നല്ലത് ആയിരിക്കും.