Lifestyle

ഇനി പാത്രം കഴുകാന്‍ എന്ത് എളുപ്പം! ആ ബോറന്‍ പണി ഇനി ഭാരമാകില്ല

പാചകം ഒരു കലയാണെന്ന് കേട്ടിട്ടില്ലേ. അങ്ങനെയാണെങ്കിലും ചിലപ്പോള്‍ പാത്രം കഴുകല്‍ മടുപ്പുളവാക്കാറുമുണ്ട്. ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ പാത്രം വേഗത്തില്‍ അതും ഈസിയായി വൃത്തിയാക്കാനായി സാധിക്കും.

പാത്രത്തിലെ എണ്ണമയവും കറകളും അഴുക്കും വേഗത്തില്‍ നീക്കം ചെയ്യാനായി ചൂടുവെള്ളമാണ് ബെസ്റ്റ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതോ വിളമ്പിയതോയായ പാത്രത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ് ചൂട് വെള്ളം കൊണ്ട് പാത്രങ്ങള്‍ ഒരാവര്‍ത്തി കഴുകാം.

വൃത്തിയാക്കുന്ന കാര്യത്തില്‍ ബേക്കിങ് സോഡ മിടുക്കനാണ്. ഭക്ഷണസാധനങ്ങള്‍ അടിക്ക്പിടിച്ച് പോയ പാത്രങ്ങള്‍ കഴുകാനായി ഏറെ സമയം വേണ്ടി വരും എന്നാല്‍ ഇവിടെ ബേക്കിങ് സോഡ സഹായമാകും. കട്ടിയില്‍ കറ പിടിച്ച് പോയ സ്ഥലങ്ങളില്‍ ബേക്കിങ് സോഡ വിതറുക. കുറച്ച് വെള്ളം കൂടി തിളപ്പിച്ച് പേസ്റ്റ് പോലെ ആക്കി മൃദുവായി സ്‌ക്രബ്ബ് ചെയ്യുക. വേഗത്തില്‍ കറകള്‍ ഇളകുന്നതായി കാണാം.

ഗ്ലാസ് പാത്രങ്ങള്‍ തിളങ്ങാനായി വിനാഗിരി ഉപയോഗിക്കാം. വിനാഗിരിയും വെള്ളവും കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ച് ഗ്ലാസ് പാത്രങ്ങള്‍ കഴുകാം.
അഴുക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയ നിലയിലാണ് പാത്രങ്ങളെങ്കില്‍ അവ നേരിട്ട് വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി എടുക്കാനായി സമയമെടുക്കും. ഇത്തരം പാത്രങ്ങള്‍ തുടക്കത്തില്‍ വെള്ളം ഒഴിച്ച് കുതിരാനായി വയ്ക്കുക. മറ്റ് പാത്രങ്ങളെല്ലാം കഴുകിയതിന് ശേഷം ഇവ കഴുകാനെടുക്കാം. അങ്ങനെ വേഗത്തില്‍ പാത്രം വൃത്തിയാക്കാം.

ആദ്യം സ്പൂണുകള്‍, തവികള്‍, അടപ്പ് പാത്രങ്ങള്‍ തുടങ്ങിയചെറിയ പാത്രങ്ങള്‍ കഴുകനായി എടുക്കാം. പിന്നീട് വലിയ പാത്രങ്ങളിലേക്ക് കടക്കുന്നതാവും നല്ലത്.
അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തതിന് ശേഷം മാത്രം കഴുകാനുള്ള പാത്രം സിങ്കില്‍ വയ്ക്കുക. സിങ്കിന്റെ ഡ്രെയിന്‍ അടഞ്ഞു പോകുന്നത് ഒഴിവാക്കാനും അതിലൂടെ വൃത്തിയാക്കല്‍ എളുപ്പമാക്കാനും സാധിക്കും. കഴുകിയ പാത്രങ്ങള്‍ സൂക്ഷിച്ച് വയക്കുന്നതിനുള്ള റാക്കുകള്‍ സിങ്കിന്റെ അടുത്തായി സ്ഥാപിക്കാം.