Good News

ഏഴു സ്ത്രീകള്‍ 80 രൂപയുമായി തുടങ്ങിയ കുടില്‍വ്യവസായം; ഇപ്പോള്‍ 1600 കോടിയുടെ വന്‍ ബിസിനസ് സാമ്രാജ്യം

ലിജ്ജത്ത് പപ്പടിനെക്കുറിച്ച് അറിയാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. എന്നാല്‍ ഏറെ പ്രിയപ്പെട്ട ‘ലിജ്ജത്ത് പപ്പാട്’ ഒരു രുചികരമായ ട്രീറ്റാക്കി മാറ്റിയത് ഏഴു സ്ത്രീകളുടെ കൂട്ടായ്മയാണെന്ന് എത്രപേര്‍ക്കറിയാം. ലിജ്ജത് പപ്പാട് ഇപ്പോള്‍ വിജയകരമായ ഒരു കഥയായി മാറിയതിന് പിന്നില്‍ സഹിഷ്ണുതയുടെയും അവസരങ്ങളുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു ചരിത്രം കൂടിയുണ്ട്.

കേവലം 80 രൂപയുടെ നിക്ഷേപത്തില്‍ നിന്നും ഏഴു സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ ബിസിനസ് ഇപ്പോള്‍ 1600 കോടിയുടെ സാമ്രാജ്യമായി മാറി. 45000 പേര്‍ ജോലി ചെയ്യുന്ന വിദേശത്തേക്ക് കയറ്റുമതി നടത്തുന്ന കമ്പനിയായി മാറിയിരിക്കുകയാണ്. 1959ല്‍ നിരക്ഷരത, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. അതുകൊണ്ടു തന്നെ സാമ്പത്തിക അവസരങ്ങളും വിരളമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മുംബൈയില്‍ നിന്നുള്ള ഏഴ് ദീര്‍ഘവീക്ഷണമുള്ള സ്ത്രീകള്‍, നിശ്ചയദാര്‍ഢ്യവും ലളിതവും എന്നാല്‍ വിപ്ലവാത്മകവുമായ ആശയവും കൊണ്ട് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ഒരു യാത്ര ആരംഭിച്ചത്. ജസ്വന്തിബെന്‍ ജമ്നാദാസ് പോപ്പാട്ട്, പാര്‍വതിബെന്‍ രാംദാസ് തോഡാനി, ഉജംബെന്‍ നരന്ദാസ് കുണ്ഡലിയ, ഭാനുബെന്‍ എന്‍. തന്ന, ലഗുബെന്‍ അമൃത്ലാല്‍ ഗോകാനി, ജയബെന്‍ വി.വിത്തലാനി, ദിവാലിബെന്‍ ലുക്ക എന്നിങ്ങനെ ഏഴ് സുഹൃത്തുക്കളും വീട്ടമ്മമാരും ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് ഇത്.

ഇന്ത്യ കാര്യമായ വികസന വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലത്ത് വെറും 80 രൂപയും സ്വപ്‌നങ്ങളുമായി ഈ സംരംഭകരായ സ്ത്രീകള്‍ തിരിഞ്ഞത് പപ്പടം ബിസിനസിലേക്കായിരുന്നു. കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതും അവരുടെ വീടുകളുടെ പരിധിക്കുള്ളില്‍ നിര്‍മ്മിക്കാവുന്നതുമായ ഒരു ഉല്‍പ്പന്നം എന്ന നിലയിലാണ് പപ്പട നിര്‍മ്മാണം തെരഞ്ഞെടുത്തത്. ആദ്യ വര്‍ഷം 6,000 രൂപ മാത്രമായിരുന്നു വിറ്റുവരുമാനം. എന്നിരുന്നാലും, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്താലും അശ്രാന്ത പരിശ്രമത്താലും ഊര്‍ജസ്വലരായി അവര്‍ ഉറച്ചു മുമ്പോട്ടുപോയി.

1962 ആയപ്പോഴേക്കും ‘ലിജ്ജത്ത്’ എന്ന പേര് സ്വീകരിച്ചതോടെ ബ്രാന്‍ഡ് ആകര്‍ഷണം നേടി. വില്‍പന ഏകദേശം 2 ലക്ഷം രൂപയായി ഉയര്‍ന്നു. ഇത് അവരുടെ ബിസിനസിന് ഒരു കയറ്റം നല്‍കി. ‘ലിജ്ജത്ത് പപ്പാട്’ ഇപ്പോള്‍ ‘മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത്ത് പപ്പാട്’ എന്ന വനിതാ തൊഴിലാളി സഹകരണസംഘമായി പ്രവര്‍ത്തിക്കുന്നു. ഈ അതുല്യ മാതൃക തൊഴില്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഉടമസ്ഥാവകാശ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുകയും ചെയ്തുകൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.

ലിജ്ജത്തിന്റെ സ്വാദിഷ്ടമായ, ഉയര്‍ന്ന നിലവാരമുള്ള പപ്പടങ്ങള്‍ പ്രചരിച്ചതോടെ ആവശ്യക്കാര്‍ കുതിച്ചുയര്‍ന്നു. സ്ത്രീകളുടെ ഒരു ചെറിയ ഗ്രൂപ്പില്‍ നിന്ന്, സംഘടന ഇപ്പോള്‍ 45,000 അംഗങ്ങളെ ഉള്‍പ്പെടുത്തി വളര്‍ന്നു. ഇന്ന്, ലിജ്ജത്ത് പപ്പാടിന് ഇന്ത്യയിലുടനീളമുള്ള 82 ശാഖകളില്‍ സാന്നിധ്യമുണ്ട്. യുഎസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തുകൊണ്ട് അന്താരാഷ്ട്ര വിപണിയും നേടിയിട്ടുണ്ട്. 2002-ല്‍ ദി ഇക്കണോമിക് ടൈംസിന്റെ ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും 2003-ല്‍ കുടില്‍ വ്യവസായത്തിനുള്ള അവാര്‍ഡും അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെയില്‍ നിന്ന് 2005ല്‍ ബ്രാന്‍ഡ് ഇക്വിറ്റി അവാര്‍ഡും ലിജ്ജത്ത് പപ്പാടിന് ലഭിച്ചു.