Lifestyle

കേരളത്തിലെ ഭാവിവീടുകള്‍ ! പണിയാന്‍ 3 മാസം, അഴിച്ചെടുത്തുവിറ്റാൽ കാശ്! പ്രചാരമേറി ടെക്‌നോളജി

ഭാവി കേരളത്തിന്റെ കെട്ടിടനിര്‍മാണരീതി എന്ന് വിശേഷിപ്പിക്കുന്ന light gauge steel frame structure ( LGSFS) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കേരളത്തില്‍ പ്രചാരം കൂടുന്നു. സ്റ്റീല്‍ ഫ്രെയിമും ഫൈബര്‍ സിമന്റ് ബോര്‍ഡുകളും ഉപയോഗിക്കുന്ന രീതിയാണിത്.

അടിത്തറ കെട്ടിയതിന് ശേഷം light gauge steel frame ഉപയോഗിച്ച് പ്ലാന്‍ പ്രകാരം ചട്ടക്കൂട് പണിയുന്നു. ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു. ഇതേപോലെതന്നെ മേൽക്കൂരയും ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കും.

അകത്തളങ്ങള്‍ ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കുന്നു. ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാല്‍ വയറിങ്, പ്ലമ്പിങ് കണ്‍സീല്‍ഡ് ശൈലിയില്‍ എളുപ്പത്തില്‍ ചെയ്യാനായി സാധിക്കും.

ഭാരം കുറഞ്ഞ നിര്‍മാണ രീതിയാണിത്. ബേസിക് ഫൗണ്ടേഷന്‍ മാത്രം ഇതിന് മതിയാകും. മൂന്ന് മാസം കൊണ്ട് കുറച്ച് പണിക്കാരെ ഉപയോഗിച്ച് വീട് പൂര്‍ത്തീകരിക്കാം. അതേ ചതുരശ്രയടിയില്‍ കോണ്‍ക്രീറ്റ് വീട് പണിയുന്നതിന്റെ ഏകദേശം പകുതി ചെലവ് മാത്രമാണ് ആകുന്നത്. കോണ്‍ക്രീറ്റ് വീടുപോലെ ക്യൂറിങ് ആവശ്യമില്ലാത്തതിനാല്‍ വാര്‍ക്കലിന് ശേഷം വെള്ളമൊഴിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഒഴിവാകുന്നു.

പരിസ്ഥിതി സൗഹൃദമായ ഈ വീടുകള്‍ ഭൂകമ്പം, തീപിടുത്തം എന്നിവയെ പ്രതിരോധിക്കുന്നു. വേണമെങ്കില്‍ അഴിച്ചെടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കാം. സ്റ്റീലിന്റെ വില കുറയാത്തതിനാല്‍ റീസെയില്‍ വാല്യൂവും ഉണ്ടാകും. തെര്‍മല്‍ ഇന്‍സുലേഷന്‍ ഉള്ളതിനാല്‍ ചൂടും കുറയും.