Celebrity

“ഹണി റോസ് താങ്കൾക്കും ഭയമാണോ? അയാളുടെ പേര് ഉറക്കെ പറയാൻ?…” ഭാഗ്യലക്ഷ്മി ചോദിക്കുന്നു

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഹണി റോസ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളിലൂടെയും ഹണി കൂടുതൽ തരംഗമായി മാറി.

കഴിഞ്ഞ കുറച്ചു ദിവസമായി ഹണി റോസിന്റെ ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് അധിക്ഷേപ പരാമര്‍ശം വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ അധിക്ഷേപിച്ച വ്യക്തിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല. ഈ പോസ്റ്റിനു താഴെ പലരും തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചും ഹണിയുടെ പോസ്റ്റിനെ പിന്താങ്ങിയും കമന്റുകൾ കുറിച്ചിരുന്നു. പലരും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റായും പങ്കിട്ടിരുന്നു.

ഇപ്പോഴിതാ അക്കൂട്ടത്തിൽ ഇതിനെക്കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയുടെ ഒരുപാട് പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ആളിന്റെ പേര് തുറന്നു പറയാൻ ഹണി റോസിനും ഭയമാണോ എന്നാണ് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. “മിസ് ഹണി റോസ്
മോശം comments ഇടുന്നതും അത് വായിച്ച് ആസ്വദിക്കുന്നതും ഓരോരുത്തരുടേയും മനോരോഗമാണ്. കുറേ നാളുകൾക്ക് മുമ്പേ ബോബി ചെമ്മണ്ണൂർ താങ്കളെ ഒരു പുരാണ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചപ്പോൾ താങ്കൾ അന്ന് തന്നെ അതിനെതിരെ പ്രതികരിക്കാതിരുന്നപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. ഇപ്പോഴും കമന്റിലൂടെ അപമാനിച്ചവർക്കെതിരെ കേസ് കൊടുത്തതുപോലെ എന്തുകൊണ്ട് അയാൾക്കെതിരെ കേസ് കൊടുത്തില്ല? ഒരു യുട്യൂബ് ചാനലിൽ ഒരു പെൺകുട്ടി അതേപ്പറ്റി അയാളോട് ചോദിക്കുമ്പോൾ വീണ്ടും വീണ്ടും അയാൾ ദ്വയാർത്ഥ പ്രയോഗത്തിൽ താങ്കളെ അപമാനിക്കുന്നു.
ഒരു സ്ത്രീയെ അപമാനിക്കുന്നത് ഒപ്പം ഇരിക്കുന്ന സ്ത്രീ ആസ്വദിച്ച് ചിരിക്കുന്നു.
അതാണ് അയാളുടെ ബലം. പണക്കാരനെന്ന അഹങ്കാരം.
തനിക്കെതിരെ ആരും പ്രതികരിക്കില്ലെന്ന അഹങ്കാരം. ഹണി റോസ്
താങ്കൾക്കും ഭയമാണോ?
അയാളുടെ പേര് ഉറക്കെ പറയാൻ?…” എന്നാണ് ഹണി റോസിന്റെ ചിത്രവും ഉൾപ്പെടുത്തി ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്‌. ഭാഗ്യലക്ഷ്മിയുടെ ഈ കുറിപ്പിനെ പിന്തുണച്ച് പലരും കമന്റുകൾ കുറിക്കുന്നുണ്ട്.

ആദ്യത്തെ ഇൻസ്റ്റ പോസ്റ്റിനു ശേഷം ഹണി റോസ് ഫേസ്ബുക്കിലൂടെ തന്റെ അടുത്ത കുറിപ്പും പങ്കുവെച്ചു. രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച്‌ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്നാണ് താരം കുറിച്ചത്. “ഒരു അഭിനേത്രി എന്ന നിലയില്‍ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹണി റോസിന്റെ പ്രതികരണം.

“രാജ്യത്തെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച്‌ പൊതുവേദിയില്‍ എത്തിയിട്ടില്ല; ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു…
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച്‌ ഞാൻ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച്‌ സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമർശനങ്ങളില്‍ അസഭ്യ അശ്ലീലപരാമർശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച്‌ സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാദ്ധ്യതകളും പഠിച്ച്‌ ഞാൻ നിങ്ങളുടെ നേരെ വരും.
ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാദ്ധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു… ” എന്നായിരുന്നു ഹണിയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *