ലഖ്‌നൗവിൽ നിന്നും ബുധനാഴ്ച പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അസ്വസ്ഥത ഉളവാക്കുന്നത്. രാത്രി സമയം തിരക്കേറിയ റോഡിന്റെ നടുവിൽ ഇരുന്ന് വളരെ വിചിത്രമായി പെരുമാറുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളായിരുന്നു ഇത്. നഗരത്തിലെ വിഭൂതി ഖണ്ഡ് ഏരിയയിലെ ലോഹ്യ ആശുപത്രിക്ക് സമീപം രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവർ ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയുമായിരുന്നു.
@News1India യാണ് എക്സ് അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ വളരെയധികം ട്രാഫിക് നിറഞ്ഞ ഒരു റോഡിന്റെ നടുവിൽ യുവതി ഇരുന്ന് തല കുലുക്കുകയും കൈകൾ പൊക്കി എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. യുവതിക്ക് ചുറ്റും നിരവധി ആളുകളാണ് തടിച്ചു കൂടി നിൽക്കുന്നത്. ഇവരിൽ ചിലർ യുവതിയുടെ വിചിത്ര പെരുമാറ്റം ക്യാമറയിൽ പകർത്തുന്നതും കാണാം.
യുവതിയുടെ അരികിൽ കറുത്ത നിറത്തിലുള്ള ഒരു ബാഗ് ഇരിക്കുന്നതും കാണാം. ഈ സമയം നിരത്തിലൂടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും യുവതി അതൊന്നും ഗൗനിക്കാതെ തന്റെ പ്രവർത്തി തുടർന്നുകൊണ്ടിരിക്കുകയാണ്.
തുടർന്ന് ആളുകൾ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചതായും ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. 20 മിനിറ്റോളമാണ് റോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
എന്തുകൊണ്ടാണ് യുവതി റോഡിന് നടുവിൽ ഇങ്ങനെ ഇരുന്ന് പെരുമാറിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ത്രീ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ യുവതിയുടെ കുടുംബത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.