Hollywood

‘ഹിഡിംഗ് സദ്ദാം ഹുസൈന്‍’ ഇറാഖി നേതാവിന്റെ ഒളിവുജീവിതവുമായി ഡോക്യുമെന്ററി ; സിനിമയാക്കാന്‍ അണിയറക്കാര്‍

അട്ടിമറിക്കപ്പെട്ട ഇറാഖി നേതാവ് സദ്ദാം ഹുസൈന്റെ ഒളിവ് കാലഘട്ടം സിനിമയാകുന്നു. 2003ല്‍ അമേരിക്കന്‍ സൈന്യം പിടിക്കുന്നത് വരെ അദ്ദേഹം ഒളിവില്‍ കഴിഞ്ഞ എട്ട് മാസത്തെ ജീവിതവും അദ്ദേഹത്തെ സഹായിച്ച ഇറാഖി കര്‍ഷകന്‍ അലാ നമിക്കുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമ ‘ഹൈഡിംഗ് സദ്ദാം ഹുസൈന്‍’ ഡോക്യുമെന്ററി വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഓസ്‌കാര്‍ ജേതാവ് ദി കിംഗ്‌സ് സ്പീച്ച് എഴുതിയ ബ്രിട്ടീഷ്-അമേരിക്കന്‍ നാടകകൃത്ത് ഡേവിഡ് സീഡ്ലര്‍, നോര്‍വീജിയന്‍-കുര്‍ദിഷ് ചലച്ചിത്ര നിര്‍മ്മാതാവ് ഹല്‍കാവ്ത് മുസ്തഫ എന്നിവരില്‍ നിന്നുമാണ് ഈ പ്രോജക്റ്റ് വരുന്നത്.

ഇറാഖില്‍ നിഷ്‌ക്കാസിതനായതിന് പിന്നാലെ 1,50,000 യുഎസ് സൈനികരാണ് സദ്ദാമിന്റെ വേട്ടയാടലലില്‍ പങ്കെടുത്തത്. ഹുസൈന്‍ വധിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 2003-ന്റെ അവസാനത്തില്‍, തിക്രിത് പട്ടണത്തിന് സമീപം സദ്ദാമിന് ഒളിക്കാന്‍ ഇടം നല്‍കിയത് അലാ നമിക്കായിരുന്നു. വീട്ടില്‍ ഒരു തുരങ്കമുണ്ടാക്കി അതിലായിരുന്നു സദ്ദാമിനെ പാര്‍പ്പിച്ചിരുന്നത്. ഒരുമിച്ച് ചിലവഴിച്ച കാലത്ത്, നമിക്ക് പ്രസിഡന്‍ഷ്യല്‍ ഹെയര്‍ഡ്രെസ്സറും ഫിസിഷ്യനും അംഗരക്ഷകനുമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ എഴുതുന്ന തിരക്കിലായിരുന്നു താനും സെയ്ഡ്ലറുമെന്ന് മുസ്തഫ പറയുന്നു.

രാജാവും അദ്ദേഹത്തിന്റെ സ്പീച്ച് തെറാപ്പിസ്റ്റും തമ്മിലുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദി കിംഗ്‌സ് സ്പീച്ചിന്റെ സമാനതകളാണ് സെയ്ഡ്ലര്‍ ഈ വിഷയത്തിലും ആദ്യം കണ്ടത്. ഹൈഡിംഗ് സദ്ദാം ഹുസൈന്‍ ഡോക്യുമെന്ററിയുടെ പ്രകാശനത്തോടെ ഇതുമായി ബന്ധപ്പെട്ട സിനിമയ്ക്കായി ധനസഹായം കണ്ടെത്താനാണ് ഇപ്പോള്‍ പദ്ധതി. ഈ കഥ സാധാരണ ഹോളിവുഡ് റൂട്ടില്‍ പറയുന്നതിനേക്കാള്‍ നമിക്കിന്റെ വീക്ഷണകോണില്‍ നിന്നാണ് പറയേണ്ടതെന്ന് ഇരുവരും ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘സദ്ദാം ഹുസൈനെ കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുക്കുന്ന സിഐഎ ഏജന്റിനെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ അദ്ദേഹം വിശദീകരിക്കുന്നു