Featured Healthy Food

ക്രിസ്മസും ന്യൂഈയറും വരുന്നു, കേക്ക് കഴിച്ചോ… പക്ഷേ…

ക്രിസ്മസും ന്യൂഈയറുമൊക്കെ വരവായി. എന്നാല്‍ കേക്കില്ലാതെ എന്തു ക്രിസ്മസും ന്യൂഈയറും. ഈ സമയത്തായിരിക്കും നമ്മള്‍ ഏറ്റവും കൂടുതല്‍ കേക്ക് അകത്താക്കുന്നത്. അപകടകാരിയായ പലഹാരമല്ല കേക്ക്. പക്ഷേ, അധികമായാല്‍ കേക്കും പ്രശ്‌നമാണ്. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്ക്.

പ്രമേഹരോഗികളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. രക്താതിമര്‍ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരും കേക്കു കഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്.

മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു. വെണ്ണ അല്ലെങ്കില്‍ സസ്യഎണ്ണ, സോഡിയം ബൈ കാര്‍ബണേറ്റ്, മുട്ട, കാരമല്‍ പഞ്ചസാര, ബേക്കിങ് പൗഡര്‍, റം, എസ്സെന്‍സ്, പ്രിസര്‍വേറ്റീവ് എന്നിവയാണ് മറ്റു ചേരുവകള്‍. ഐസിങ് ഉള്ള കേക്കില്‍ പഞ്ചസാരയും ഡാല്‍ഡയും ചേര്‍ന്ന മിശ്രിതമാണ് പൊതിയുന്നത്.

കലോറി, അന്നജം, മാംസ്യം, കൊഴുപ്പ്, സോഡിയം എന്നിവയുടെ അമിതസാന്നിധ്യത്തിനൊപ്പം നാര് തീരെയില്ലെന്നതും കേക്കിന്റെ ദോഷവശങ്ങളാണ്. ഇതിലടങ്ങിയിരിക്കുന്ന ട്രാന്‍സ്ഫാറ്റ് രോഗം ക്ഷണിച്ചുവരുത്തും. ഐസിങ്ങുള്ള കേക്ക് പ്രമേഹരോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും പറ്റിയതല്ല. കേക്കില്‍ ഉയര്‍ന്ന അളവിലുള്ള കലോറി കൊഴുപ്പായി മാറും. ദീര്‍ഘകാലം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ് കാന്‍സറുണ്ടാക്കാം. ഉദരരോഗങ്ങള്‍ക്കും കാരണമാകും.

നൂറു ഗ്രാം വരുന്ന ഒരു കഷണം കേക്കു കഴിച്ചാല്‍ ഒരാള്‍ക്ക് ഉച്ചയൂണില്‍നിന്ന് ലഭിക്കുന്ന കലോറിയുടെ പകുതിയോളം കിട്ടും. ക്രിസ്മസ് കാലത്ത് ഒരുദിവസം ഒരു കഷണം കേക്കാവില്ല പലരും കഴിക്കുക. പല കഷണങ്ങള്‍ കഴിക്കും. അതു ദിവസങ്ങളോളം തുടരുകയും ചെയ്യും. ഒരുദിവസം ആരോഗ്യമുള്ള ഒരാള്‍ക്ക് ഭക്ഷണത്തില്‍നിന്ന് കിട്ടേണ്ടത് 20 ഗ്രാം കൊഴുപ്പു മാത്രമാണ്.

നൂറുഗ്രാം കേക്കില്‍ നിന്നുമാത്രം 16 ഗ്രാം ട്രാന്‍സ്ഫാറ്റ് കിട്ടും. ആരോഗ്യപ്രശ്‌നങ്ങള്‍ കരുതി കേക്ക് കഴിക്കാനേ പാടില്ലെന്നല്ല. കഴിക്കുമ്പോള്‍ മിതത്വം പാലിക്കുന്നത് നല്ലത്. കേക്കു കഴിക്കുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ പച്ചക്കറികൊണ്ടുള്ള സലാഡ് കഴിക്കുന്നത് ഉത്തമം.