നിശ്ചിത അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിന്റെ അളവ് ആവശ്യത്തിലും അധികമാകുമ്പോള്‍ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ക്ക് നാശം വരുത്തും. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. നെഞ്ചിന്റെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടല്‍, വീര്‍പ്പ് മുട്ടല്‍, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മര്‍ദം ഉയരല്‍, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളില്‍ വേദന എന്നിവയെല്ലാം കൊളസ്ട്രോള്‍ തോത് ഉയരുന്നതിന്റെ ലക്ഷണങ്ങളാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്ത് നോക്കാം……
ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധന – ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. 30 വയസ്സ് പിന്നിടുന്നവരെല്ലാം ലിപിഡ് തോത് പരിശോധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ ഒന്ന് രണ്ട് വര്‍ഷം കൂടുമ്പോഴും കൊളസ്‌ട്രോള്‍ പരിശോധന നടത്തണം.
ആരോഗ്യകരമായ ഭക്ഷണക്രമം – കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കുറവുള്ള സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കേണ്ടത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അവോക്കാഡോ, നട്‌സ്, ഒലീവ് ഓയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുല്‍പന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.
സമ്മര്‍ദം നിയന്ത്രിക്കണം – നിരന്തരമായ സമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തുകയും ചെയ്യും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. സമ്മര്‍ദം കുറയ്ക്കുന്നത് രക്തസമ്മര്‍ദത്തെയും നിയന്ത്രണത്തില്‍ നിര്‍ത്തും.
നിത്യവും വ്യായാമം – ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നിത്യവും വ്യായാമം ചെയ്യേണ്ടതാണ്. മിതമായ തോതിലുള്ള വ്യായാമമാണെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റും കഠിനമായ വ്യായാമമുറകളാണെങ്കില്‍ ആഴ്ചയില്‍ 75 മിനിറ്റും ചെയ്യേണ്ടതാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം നല്ലതാണ്.
പുകവലി ഉപേക്ഷിക്കുക – പുകവലി രക്ത ധമനികളെ നശിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനാല്‍ പുകവലി ശീലമുള്ളവര്‍ ഇത് ഉടന്‍ തന്നെ നിര്‍ത്തേണ്ടതാണ്.




