Health

ശുചിമുറിയില്‍ ഫ്ലഷ് ഉപയോഗിക്കുന്നത് ഇങ്ങനെയാണോ? അപകടമെന്ന് ആരോഗ്യവിദഗ്ധര്‍

ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നതും ആരോഗ്യ സംരക്ഷണവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഇനി പറയുന്ന ചില ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വൃത്തിയെല്ലാം വെറുതേയായിപോകും. മലവിസര്‍ജ്ജനം നടത്തിയതിന് ശേഷം ടോയ്‌ലറ്റ് സീറ്റ് തുറന്ന് വെള്ളം ഫ്‌ളഷ് ചെയ്യുക എന്ന ശീലമാണ് ഒഴിവാക്കേണ്ടത്.

ഇങ്ങനെ ചെയ്താല്‍ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വായുവിലേക്ക് അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാനായി ടോയ്‌ലറ്റ് ഫ്‌ളഷിന് സാധിക്കും. സീറ്റ് അടച്ച് വെച്ചില്ലെങ്കില്‍ അത് ടവ്വല്‍ റാക്കുകളിലും സിങ്ക് ഹാന്‍ഡിലുകളിലും പറ്റിപടിക്കും. അതെല്ലാം തൊടുന്നതുവഴി അണുക്കള്‍ ശരീരത്തിലേക്കും വ്യാപിക്കും.

ഇ കോളി, സാല്‍മണെല്ല തുടങ്ങിയ അണുക്കള്‍ ഇത്തരത്തില്‍ ശരീരത്തിലെത്താം. ദിവസവും ടോയ്‌ലറ്റ് വൃത്തിയാക്കുക, പറ്റിയില്ലെങ്കില്‍ ആഴ്ചയിലൊന്നെങ്കിലും ടോയ്‌ലറ്റ് സീറ്റ് അടക്കം വൃത്തിയാക്കണം. ടോയ്‌ലറ്റ് ഫ്‌ളഷ് , ഹാന്‍ഡില്‍, സിങ്ക് ഫോക്കറ്റുകള്‍, വാതിലിന്റെ നോബുകള്‍ , ഷവര്‍ ഹാന്‍ഡിലുകള്‍ എന്നിവയും ആഴ്ചയില്‍ ഒന്ന് അണുവിമുക്തമാക്കാനായി മറക്കരുത്.

ശുചിമുറിയില്‍ പൂപ്പല്‍ വളര്‍ന്ന് ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി ആവശ്യത്തിന് വെന്റിലേഷനും ഉറപ്പാക്കണം. ശുചിമുറിയിലെ വസ്തുക്കള്‍ സ്പര്‍ശിച്ച് കഴിഞ്ഞും കൈകള്‍ സോപ്പിട്ട് കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും കഴുകണം. ബാത്തറൂമിലെ ടവലുകള്‍ മാറ്റാനും സോപ്പ്, റേസര്‍ തുടങ്ങിയവ പങ്കുവയ്ക്കാതെ ഇരിക്കാനും ശ്രദ്ധിക്കണം.