കോളിഫ്‌ളവര്‍ കഴിക്കുന്നവര്‍ക്ക് അറിയാമായിരിക്കും, ഫ്രിഡ്ജില്‍ കുറച്ച് ദിവസങ്ങള്‍ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുന്ന കോളിഫ്‌ളവറിന്റെ ഉപരിതലത്തിലാകെ പ്രത്യക്ഷപ്പെടുന്ന പാടുകള്‍. മഞ്ഞ നിറത്തില്‍ തുടങ്ങി തവിട്ടും കറുപ്പും നിറങ്ങളില്‍ കാണുന്ന ഈ പാടുകള്‍ പൂപ്പലാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്താണ്?
ആപ്പിള്‍ മുറിച്ച് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ അത് തവിട്ട് നിറമാകുന്നതായി കാണാറില്ലേ. ഇങ്ങനെ സംഭവിക്കുന്നത് ഓക്‌സിഡേഷന്‍ നടക്കുന്നതിന്റെ ഫലമായിയാണ്. അത്തരത്തില്‍ തന്നെയാണ് കോളിഫ്‌ളവറന്റെ മുകളിലും കറുത്ത പാടുകള്‍ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള കോളിഫ്‌ളവര്‍ കഴിച്ചത് കൊണ്ട് സാധാരണ ദോഷഫലങ്ങളുണ്ടാകാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കോളിഫ്‌ളവറിന്റെ ഉപരിതലം കറുത്ത നിറമാണെങ്കില്‍ ചിലപ്പോള്‍ അത് മോശമായതിന്റെ ലക്ഷണമായിരിക്കാം. ദുര്‍ഗന്ധമുണ്ടായാല്‍ കേടായതായി കണക്കാക്കാം. ഇതില്‍ പൂപ്പലും കാണാം. ഇങ്ങനെയുള്ള കോളിഫ്‌ളവര്‍ കഴിക്കുന്നതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാം. ചെറിയ രീതിയിലാണ് കാണുന്നതെങ്കില്‍ ആ ഭാഗം ചെത്തികളഞ്ഞതിന് ശേഷം ഉപയോഗിക്കാം.
ഇനി മുറിച്ച കോളിഫ്‌ളവര്‍ സൂക്ഷിക്കുന്നതിനായി ഒരു പ്ലാസ്റ്റിക് ബാഗിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. അങ്ങനെ ചെയ്താല്‍ 4- 7 ദിവസം വരെ കേടാകാതെ ഇരിക്കും. ഫ്രിഡ്ജിലെ ക്രിസ്പര്‍ ഡ്രോയില്‍ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം. ഫ്രിജില്‍ വയ്ക്കുമ്പോള്‍ കഴുകുന്നത് ഒഴിവാക്കണം. അധികമായ ഈര്‍പ്പം കേടാകുന്നതിന് സാധ്യത വര്‍ധിപ്പിക്കും. ബ്ലാഞ്ച് ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കാം.
ആപ്പിള്‍, തക്കാളി, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്ന് കോളിഫ്‌ളവര്‍ മാറ്റി സൂക്ഷിക്കുക.എഥിലീന്‍ വാതകം ഉത്പാദിപ്പിക്കുന്നതിനാല്‍ കോളിഫ്‌ളവര്‍ കേടാകാനുള്ള സാധ്യത കൂടുതലാണ്.