പ്രേതസിനിമകളിലെ സ്ഥിരം നായകന്‍ രാഘവേന്ദ്ര ലോറന്‍സിനൊപ്പം ഒന്നാന്തരം ഹൊറര്‍ സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നും നയന്‍താര പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അതും ലോകേഷ് കനകരാജിന്റെ കഥയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രത്‌നകുമാര്‍ സംവിധാനം ചെയ്യാനിരുന്നപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നു ഇതെന്നും രാഘവേന്ദ്ര ലോറന്‍സുമായി ആദ്യമായി നടിക്ക് ഒരുമിക്കാന്‍ കിട്ടിയ അവസരമായിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ എല്ലാം അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കെ നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നെന്നും അതുകൊണ്ട് പകരം രാഘവേന്ദ്ര ലോറന്‍സിനെ നായകനാക്കി മറ്റൊരു തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് രത്‌നകുമാറെന്നുമാണ് വിവരം.രത്‌നകുമാര്‍ ഇരുവരെയും വെച്ച് ആദ്യം പ്ലാന്‍ ചെയ്തത് ഹൊറര്‍ ത്രില്ലറായിരുന്നു. ഇതിന്റെ കഥ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായിരുന്നു. സിനിമയുടെ തിരക്കഥ തയ്യാറാക്കലില്‍ രത്‌നകുമാറിനൊപ്പം ലോകേഷ് സഹകരിക്കുകയും ചെയ്തു.
അതിനിടയിലാണ് രാഘവേന്ദ്ര ചന്ദ്രമുഖി -2 മായി തീയറ്ററില്‍ എത്തിയത്. ബോളിവുഡ് താരം കങ്കണാ റണൗട്ട് നായികയായ സിനിമ പക്ഷേ എട്ടു നിലയില്‍ പോയി എന്ന് മാത്രമല്ല രണ്ടാം വാരം തീയേറ്റര്‍ വിടുകയും ചെയ്തു.അതേസമയം തന്നെ മറ്റൊരു ത്രില്ലര്‍ നയന്‍താരയുടേതുമായി തീയേറ്ററില്‍ ഉണ്ടായിരുന്നു. ജയംരവിയും നയന്‍താരയും പ്രധാനവേഷത്തില്‍ എത്തിയ ഇരൈവന്‍. ഈ സിനിമയും ബോക്‌സോഫീസില്‍ ശരാശരിയിലും താഴെ പ്രകടനമാണ് നടത്തിയത്. ഇരൈവനിലൂടെ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയാതെ വന്നതാണ് താരത്തെ രത്‌നകുമാറിന്റെ സിനിമയില്‍ നിന്നും പിന്മാറാന്‍ കാരണമായതെന്നാണ് വിവരം. വിജയ് നായകനായ ലിയോയില്‍ രത്‌നകുമാര്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.