Health

പ്രമുഖ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം; കുട്ടികള്‍ക്ക് ഓട്ടിസം, കാന്‍സറിനും വൃക്കരോഗത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാം

വാഷിങ്‌ടണ്‍: പ്രമുഖ ബ്രാന്‍ഡുകളുടെ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. വിഷമാലിന്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ലെഡ്‌ സേഫ്‌ മാമ എന്ന ഗ്രൂപ്പാണ്‌ 51 ടൂത്ത്‌പേസ്‌റ്റുകള്‍ പരിശോധനയ്‌ക്ക് അയച്ചത്‌. ക്രെസ്‌റ്റ്, കോള്‍ഗേറ്റ്‌, സെന്‍സോഡൈന്‍, ഒറാജെല്‍, ബര്‍ട്ട്‌സ് ബീസ്‌, ടോംസ്‌ ഓഫ്‌ മെയിന്‍, ഹലോ തുടങ്ങിയ ബ്രാന്‍ഡുകളും ആ പട്ടികയിലുണ്ടായിരുന്നത്‌.

90 ശതമാനം പേസ്‌റ്റുകളിലും ലെഡി(ഈയം)ന്റെ സാന്നിധ്യം കണ്ടെത്തി. 65 ശതമാനത്തില്‍ ആഴ്‌സെനിക്കും 47 ശതമാനത്തില്‍ മെര്‍ക്കുറിയും, 35 ശതമാനത്തില്‍ കാഡ്‌മിയവും കണ്ടെത്തി. പല ഉല്‍പ്പന്നങ്ങളിലും ഒന്നിലധികം വിഷലോഹങ്ങള്‍ ഉണ്ടായിരുന്നു.ഈ നാല്‌ ലോഹങ്ങളും ന്യൂറോടോക്‌സിനുകളാണ്‌, അതായത്‌, തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ അവയ്‌ക്ക് കഴിവുണ്ട്‌. ഈ ലോഹങ്ങളുമായുള്ള ദീര്‍ഘകാലത്തെ സമ്പര്‍ക്കം പഠനവൈകല്യം, ഓട്ടിസം തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ഭാരമുള്ള ലോഹങ്ങളുമായുള്ള സമ്പര്‍ക്കം കാന്‍സര്‍, വൃക്കരോഗം, ജന്മനായുള്ള വൈകല്യങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാല്‍, യു.എസിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌.ഡി.എ) അനുവദിച്ച പരിധിക്കുള്ളിലാണു ലോഹസാന്നിധ്യമെന്നു കമ്പനികള്‍ അറിയിച്ചു. എങ്കിലും, രണ്ടെണ്ണം എന്‍വയോണ്‍മെന്റല്‍ പ്രട്ടക്ഷന്‍ ഏജന്‍സി(ഇ.പി.എ)യുടെ പരിധിക്ക്‌ അപ്പുറമാണ്‌. കുട്ടികള്‍ക്കുള്ള ടൂത്ത്‌ പേസ്‌റ്റുകളില്‍പോലും വിഷലോഹ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌.

അവ കൂടാടെ പേസ്‌റ്റുകളില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോക്‌സിഅപ്പറ്റൈറ്റ്‌, കാല്‍സ്യം കാര്‍ബണേറ്റ്‌, ബെന്റോണൈറ്റ്‌ മണ്ണ്‌ എന്നിവ മലിനീകരണത്തിനും കാരണമാകുമെന്നു ലെഡ്‌ സേഫ്‌ മാമയുടെ സ്‌ഥാപകയായ തമറ റൂബിന്‍ പറഞ്ഞു. പേസ്‌റ്റുകളില്‍ അടങ്ങിയ ഹൈഡ്രോക്‌സിഅപ്പറ്റൈറ്റിന്റെയും കാല്‍സ്യം കാര്‍ബണേറ്റിന്റെയും സാമ്പിളുകളും പരിശോധിച്ചു. രണ്ടിലും അപകടകരമായ അളവില്‍ ലെഡും മറ്റ്‌ മലിനീകരണങ്ങളും കണ്ടെത്തി. ഈ ചേരുവകള്‍ പ്രകൃതിദത്തമായ ടൂത്ത്‌ പേസ്‌റ്റുകളിലോ കൂടുതലായി കാണപ്പെടുന്നതായി അവര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ ലെഡ്‌ അടങ്ങിയ ഉല്‍പ്പന്നം പ്രൈമല്‍ ലൈഫ്‌ ഡേര്‍ട്ടി മൗത്ത്‌ കിഡ്‌സ് ടൂത്ത്‌ പൗഡറാണെന്ന്‌ അവര്‍ പറഞ്ഞു. വാനമാന്‍സ്‌ മിറാക്കിള്‍ ടൂത്ത്‌ പൗഡറില്‍ ലെഡിന്റെയും ആഴ്‌സെനിക്കിന്റെയും സാന്നിധ്യമുണ്ട്‌.

എന്‍വയോണ്‍മെന്റല്‍ പ്ര?ട്ടക്ഷന്‍ ഏജന്‍സി(ഇ.പി.എ)യുടെ മാനണ്ഡം അനുസരിച്ച്‌ ടൂത്ത്‌ പേസ്‌റ്റുകളില്‍ ലെഡ്‌, ആഴ്‌സെനിക്‌ എന്നിവയുടെ അളവ്‌ 5,000 പാര്‍ട്‌സ് പെര്‍ ബില്ല്യണി(പി.പി.ബി)ല്‍ കൂടാന്‍ പാടില്ല. കാഡ്‌മിയത്തിന്‌ 1,000 പി.പി.ബിആണ്‌ അനുവദിക്കപ്പെടുന്നത്‌. പരിശോധനാ ഫലം ടൂത്ത്‌ പേസ്‌റ്റ് കമ്പനികള്‍ക്ക്‌ അയച്ചുകൊടുത്തതായി അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *