ടി20 ലോകകപ്പില്‍ ക്രിക്കറ്റിലെ കുട്ടികളായ അമേരിക്കയോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റതിന് പിന്നാലെ കൂനിന്മേല് കുരുവായി പാകിസ്താനെതിരേ പന്തുചുരണ്ടല്‍ വിവാദവും. ഡള്ളാസില്‍ നടന്ന സൂപ്പര്‍ഓവറില്‍ കളി അവസാനിച്ച മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ ആരോപണം നേരിടുകയാണ് പാകിസ്താന് ക്രിക്കറ്റ് ടീം. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ന്യൂബോള്‍ എടുത്തപ്പോള്‍ അതുപയോഗിച്ച് റിവേഴ്സ് സ്വിംഗ് സൃഷ്ടിക്കാന്‍ പാകിസ്ഥാന് കളിക്കാര്‍ യുഎസ്എയ്ക്കെതിരായ മത്സരത്തിനിടെ പതിവായി പന്ത് ചുരണ്ടുന്നുണ്ടായിരുന്നെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ജുവാന്‍ തെറോണ്‍ അവകാശപ്പെട്ടു. ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ് പന്തിന് മുകളിലൂടെ നഖം ഓടിക്കുകയായിരുന്നെന്ന് തെറോണ്‍ അവകാശപ്പെട്ടു.
ഈ പുതുതായി മാറിയ പന്തില്‍ പാകിസ്ഥാന് പ്രശ്നമുണ്ടായിരുന്നതായും 2 ഓവര്‍ മുമ്പ് മാറ്റിയ പന്ത് റിവേഴ്സ് ചെയ്യുകയായിരുന്നെന്നും ഹാരിസ് റൗഫ് പന്തിന് മുകളിലൂടെ തള്ളവിരലിന്റെ നഖം ഓടിക്കുന്നത് കാണാമായിരുന്നെന്നും പറഞ്ഞു. 38 കാരനായ തെറോണ്‍, യുഎസ്എയിലേക്ക് കൂറ് മാറുന്നതിന് മുമ്പ് അന്താരാഷ്ട്ര തലത്തില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച താരമാണ്.
2010 നും 2012 നും ഇടയില്‍ പ്രോട്ടീസിനായി നാല് ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചു. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ തന്റെ അന്താരാഷ്ട്ര കരിയറില്‍ ഇതുവരെ 18 ഏകദിനങ്ങളും നിരവധി ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്, അവയില്‍ 55 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്താന് അടുത്ത മത്സരത്തില്‍ എതിരാളികളാകുന്നത് ഇന്ത്യയാണ്. ആദ്യ മത്സരം ഇന്ത്യ അയര്‍ലന്റിനെ തോല്‍പ്പിച്ചിരുന്നു.