രോഗവും ജീവിതസാഹചര്യവും അടക്കം പലകാരണങ്ങള്‍ കൊണ്ട് പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീ തുല്യതാ പരീക്ഷയെഴുതി വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായി. 41 കാരി ഡോ. ബെക്സ് ബ്രാഡ്‌ഫോര്‍ഡാണ് അസാധാരണ ഇച്ഛാശക്തിയോടെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഔദ്യോഗികമായി വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്.
ജീവിതത്തിന്റെ തുടക്കത്തില്‍ അനേകം കല്ലുകടികളാണ് ബെക്സിനെ കാത്തിരുന്നത്. കുടുംബത്തിന് അവരുടെ വീട് നഷ്ടപ്പെട്ടു , ബെക്സിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഗോവണിയില്‍ നിന്ന് വീണു കിടപ്പിലായി, തളര്‍വാതം പിടിപെട്ടു. ഫ്ലൈറ്റ് അറ്റന്‍ഡന്റ്, വ്യക്തിഗത പരിശീലക തുടങ്ങി ജീവിക്കാന്‍ വേണ്ടി പിന്നീട് പല പണികള്‍ ബെക്സിന് ചെയ്യേണ്ടി വന്നു. ഈ തിരിച്ചടികള്‍ ഉണ്ടാക്കിവെച്ച തിരക്കിനിടയില്‍ കൗമാരപ്രായത്തില്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു.
ഹൈസ്‌കൂള്‍ ഡിപ്ളോമ കിട്ടാത്തവര്‍ക്കുള്ള തുല്യതാപഠനമായ ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്ളോമ ( GED) വഴി അവര്‍ വിദ്യാഭ്യാസം പുന:രാരംഭിച്ചു. 35ാം വയസ്സില്‍, അവള്‍ തന്റെ ഹൈസ്‌കൂള്‍ തുല്യതാപഠനത്തിന് സ്വയം പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി. ഒരു പ്രീ-മെഡ് കോഴ്‌സില്‍ ഇടം നേടി. പുറത്ത് ജോലിക്കു പോകുമ്പോഴും പഠിക്കാനായി അവള്‍ ആറ് മണിക്കൂര്‍ വരെ കഠിനാദ്ധ്വാനം ചെയ്തു. ജീവിതം തിരിച്ചടിക്കുമ്പോഴെല്ലാം തന്നെ കാത്തിരിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു.
ഒരു ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാം ശരിയായതെന്നും ബെക്‌സ് പറയുന്നു. ആദ്യം അപേക്ഷിച്ച എല്ലാ സര്‍വ്വകലാശാലകളില്‍ നിന്നും നിരസിക്കപ്പെട്ടപ്പോള്‍ ആദ്യം തകര്‍ന്നുപോയി. എന്നാല്‍ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഒരു ഓഫര്‍ കിട്ടി. യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടും ആഴ്ചയില്‍ ഏഴ് ദിവസവും ജിം ക്ലാസുകള്‍ പഠിപ്പിക്കാന്‍ പോയി. വാരാന്ത്യങ്ങളില്‍ 12 മണിക്കൂര്‍ അസിസ്റ്റന്റ് നഴ്സിംഗ് ജോലി ചെയ്യാനും തയ്യാറായി.
ആളുകളെ സഹായിക്കാനുള്ള ആഗ്രഹം കൊണ്ട് പലപ്പോഴും പുലര്‍ച്ചെ 4 മണിക്ക് പഠിക്കാന്‍ എഴുന്നേല്‍ക്കും. ഡോ. ബെക്സ് തന്റെ ജീവിതാനുഭവങ്ങള്‍ രോഗികളെ നന്നായി മനസ്സിലാക്കാന്‍ ഉപയോഗിക്കുകയാണ്. ദുരിതം നിറഞ്ഞ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളെ അവരുടെ സ്വന്തം വിജയത്തിനായി പരിശ്രമിക്കാന്‍ ഉപദേശിക്കുന്നതാണ്. ബെക്സ് ബ്രാഡ്ഫോഡിനെ ഓര്‍ത്ത് സര്‍വകലാശാല ഇപ്പോള്‍ വളരെയധികം അഭിമാനിക്കുന്നതായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ വിദ്യാഭ്യാസ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ടാന്‍സി ജെസ്സോപ്പ പറഞ്ഞു. ”ബെക്‌സ് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്, പലപ്പോഴും പ്രതികൂല സാഹചര്യത്തില്‍ നിന്നുകൊണ്ട്. അവരുടെ കഥ കേവലം പ്രചോദനം മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശക്തി കാണിക്കുന്നത് കൂടിയാണെന്നും ജെസ്സോപ്പ പറഞ്ഞു.