ചരിത്രത്തിലെ ഏറ്റവും സുന്ദരിയായി കണക്കാക്കുന്ന ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സൗന്ദര്യവും ചര്‍മ്മതിളക്കവും നിലനിര്‍ത്താന്‍ പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്നതായും പ്രതിദിനമുള്ള ഈ ആവശ്യത്തിനായി 700 കഴുതകളെ ആവശ്യമായിരുന്നെന്നും ചരിത്രം പറയുന്നു. ഇത് പുരാതന ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ പോഷണത്തിനായി കഴുതപ്പാല്‍ ഉപയോഗിക്കുന്ന രീതിയ്ക്ക് സമീപകാലത്ത് വന്‍ഡിമാന്റ് വന്നിട്ടുണ്ട്.
ഗുജറാത്തുകാരനായ ധീരന്‍ സോളങ്കി എന്ന വ്യവസായി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികളാണ്. ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ താമസിക്കുന്ന ധീരന്‍ സോളങ്കി, കഴുതപ്പാല്‍ വില്‍ക്കുന്നതിനാല്‍ പാരമ്പര്യേതര ബിസിനസില്‍ വിജയം കണ്ടെത്തിയയാളാണ്. വെറും 20 കഴുതകളില്‍ തുടങ്ങി 22 ലക്ഷം രൂപ മുതല്‍മുടക്കില്‍ സോളങ്കി കെട്ടിപ്പടുത്തത് കോടികളുടെ ബിസിനസാണ്. ഉല്‍പ്പന്നത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം, സോളങ്കി തന്റെ ഫാമില്‍ 42 കഴുതകളെയാണ് വളര്‍ത്തുന്നത്.
ലിറ്ററിന് 65 രൂപയ്ക്ക് വില്‍ക്കുന്ന പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴുതയുടെ പാല്‍ ലിറ്ററിന് 5,000 മുതല്‍ 7,000 രൂപ വരെ വില്‍ക്കുന്നതായി സോളങ്കി അവകാശപ്പെടുന്നു. പാലും പാല്‍പ്പൊടിയുമൊക്കെയായി വന്‍തുകയാണ് വരുമാനം. കഴുതപ്പാല്‍ ബിസിനസില്‍ തുടക്കത്തില്‍, ഗുജറാത്തില്‍ ആവശ്യക്കാര്‍ കുറവായിരുന്നു, ആദ്യത്തെ അഞ്ച് മാസം ലാഭമുണ്ടാക്കാന്‍ സോളങ്കി പാടുപെട്ടു. തുടര്‍ന്ന് കഴുതപ്പാലിന് ആവശ്യക്കാര്‍ കൂടുതലുള്ള ദക്ഷിണേന്ത്യയില്‍ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്.
കര്‍ണാടകയിലും കേരളത്തിലും സോളങ്കി തന്റെ കഴുതപ്പാല്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാല്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന കോസ്‌മെറ്റിക് കമ്പനികളും അദ്ദേഹത്തിന്റെ ക്ലയന്റുകളില്‍ ഉള്‍പ്പെടുന്നു. പാലായി മാത്രമല്ല പാല്‍പ്പൊടിയുടെ രൂപത്തിലും കഴുതപ്പാല്‍ ഓണ്‍ലൈനായി വില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു കിലോ പാല്‍പ്പൊടിക്ക് വിലവരുന്നത് ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്താണ്.
ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിച്ചതായിരുന്നു സോളങ്കിയുടെ പ്രധാന തന്ത്രങ്ങളിലൊന്ന്. ഈ തീരുമാനം ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല, ഉല്‍പ്പന്നത്തിന് ഉയര്‍ന്ന വില ആവശ്യപ്പെടാന്‍ പ്രാപ്തനാക്കുകയും ചെയ്തു. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് ഇപ്പോള്‍ 0.5 കോടി മുതല്‍ 2.5 കോടി വരെയാണെന്ന് സോളങ്കിയുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ (എന്‍എല്‍എം) പ്രകാരം, ”കഴുതപ്പാല്‍ മുഖത്തെ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുകയും മൃദുവും വെളുപ്പും നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ ഭാര്യ പോപ്പിയയാണ് കഴുതപ്പാലിന്റെ ഗുണങ്ങളെക്കുറിച്ചുള്ള സൗന്ദര്യവര്‍ദ്ധക നപടികള്‍ ആരംഭിച്ചത്. കുളിക്കാന്‍ പോലും ഇത് ആദ്യമായി ഉപയോഗിച്ചതും പോപ്പിയയാണെന്ന് കരുതുന്നു.