ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നാലെ ഗർഭിണിയാകുകയും ചെയ്ത 16 കാരി നാലു മാസം പ്രായമായ ഭ്രൂണത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു.
ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് നടുക്കുന്ന സംഭവം. വെറും 17 വയസുള്ള കാമുകൻ 16 വയസ്സുള്ള പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ അവൾ ഗർഭം ധരിക്കുകയും ആയിരുന്നു. പിന്നീട് പെൺകുട്ടി ഗർഭം അലസിപ്പിക്കുകയും നാല് മാസം പ്രായമുള്ള ഭ്രൂണത്തെ നഗരത്തിലെ ഒരു അഴുക്കുചാലിന് സമീപം തള്ളുകയും ആയിരുന്നു.
അഴുക്കുചാലിൽ നിന്ന് ഗർഭപിണ്ഡം കണ്ട നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി ഭ്രൂണത്തെ ന്യൂ സിവിൽ ആശുപത്രിയിലെത്തിച്ചു, അവിടെ ഡോക്ടർമാർ ഭ്രൂണം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സൂറത്തിലെ പണ്ടേസര ഏരിയയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ആൺകുട്ടി പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതാണ് ഗർഭധാരണത്തിലേക്ക് നയിച്ചതെന്ന് സൂറത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് സിംഗ് ഗുർജാർ വ്യക്തമാക്കി. പോലീസ് നിർബന്ധിച്ച് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഗർഭം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
ആദ്യ ചോദ്യം ചെയ്യലിൽ, താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആൺകുട്ടി തന്നെ കാണാൻ വന്നെന്നും ഗർഭം അവസാനിപ്പിക്കാൻ അഞ്ച് ഗുളികകൾ നൽകിയെന്നുമാണ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.
“രണ്ട് ഗുളികകൾ കഴിക്കുകയും വീട്ടിൽ വെച്ച് തന്നെ ഗർഭം അലസിപ്പോകുകയും, തുടർന്ന് ഭ്രൂണം അഴുക്കുചാലിന് സമീപം സംസ്കരിക്കുകയുമായിരുന്നു,” എന്ന് പെൺകുട്ടി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
പിന്നീട് ഒരു വനിതാ ഡോക്ടറുടെയും പ്രാദേശിക എൻജിഒ അംഗത്തിന്റെയും സാന്നിധ്യത്തിൽ പെൺകുട്ടിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി മൊഴി മാറ്റിയത്. ആൺകുട്ടിയുടെ സഹോദരന്റെ ഭാര്യ തന്നെ കാണാൻ വന്നെന്നും ഗുളികകൾ നൽകി ഗർഭം അവസാനിപ്പിക്കാൻ അവളും അമ്മയും തന്നെ സഹായിച്ചെന്നും പെൺകുട്ടി വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ശേഷം ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ഡിഎൻഎ സാമ്പിളുകൾ എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.