മുംബൈയിലെ പൊവായയിൽ മൂന്ന് മാസം പ്രായമുള്ള തെരുവ് നായ്ക്കുട്ടിയെ ഏകദേശം ഒരു നിലയോളം ഉയരത്തിൽ നിന്ന് താഴേക്കേറിഞ്ഞു പരിക്കേൽപ്പിച്ച സെക്യൂരിറ്റി ഗാർഡിനെതിരെ കേസെടുത്ത് പോവായ് പോലീസ്. മെയ് 16 ന് ടവർ പാർക്ക്, എമറാൾഡ് ഐൽ, സകിവിഹാർ റോഡിൽ നടന്ന സംഭവത്തെ തുടർന്ന് കൈലാഷ് ഗുപ്ത (56) എന്ന ഗാർഡിനെ പിന്നീട് ഹൗസിംഗ് സൊസൈറ്റി പിരിച്ചുവിടുകയും ചെയ്തു.
ടവർ 6 ന് സമീപം വലിയ ശബ്ദം കേട്ടു ഓടിയെത്തിയ കാശിഷ് ധഞ്ജനി എന്ന ഹൗസിങ് സൊസൈറ്റി താമസക്കാരൻ കണ്ടത് പരിക്കേറ്റ നായ്ക്കുട്ടി വേദനയോടെ കരയുന്നതാണ്. തുടർന്ന് ഇയാൾ അന്ന് തന്നെ പോലീസിൽ പരാതി നൽകി. മറ്റൊരു സൊസൈറ്റി അംഗമായ നേഹ ശർമ്മ, മൃഗത്തെ ടെന്നീസ് കോർട്ട് ഗാർഡനിൽ നിന്ന് എടുക്കുകയും അന്ധേരി ഈസ്റ്റിലെ ഒരു വെറ്ററിനറി ക്ലിനിക്കിലേക്ക് ഉടൻ കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഡോക്ടർ ഫെർണാസ് മുല്ല നായയ്ക്ക് വേണ്ട ചികിത്സ നൽകുകയും ചെയ്തു.
സൊസൈറ്റി അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഗുപ്ത പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ധനഞ്ജനി പരാതി നൽകുകയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11(1) പ്രകാരം (മൃഗങ്ങളോടുള്ള ക്രൂരതകൾ ഉൾക്കൊള്ളുകയും പിഴകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു), ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക) എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.