വിവാഹം ഉറപ്പിച്ച വരന് പകരം പന്തലില്‍ എത്തിയത് മറ്റൊരാള്‍. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന് വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ ജുജ്നു ഗ്രാമത്തില്‍ നിന്നാണ് ബരാത്ത് സംഘമെത്തിയത്. എന്നാല്‍, ബരാത്ത് സംഘത്തെ സ്വീകരിക്കുന്നതിനിടെ വരന് തങ്ങള്‍ വിവാഹം ഉറപ്പിച്ച ആളല്ലെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് വരന്റെ കൂട്ടരെ വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തു വരികയായിരുന്നു. പാനിപ്പറ്റ് സ്വദേശിയായ 20കളിലുള്ള യുവാവുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, ബരാത്ത് സംഘത്തിനൊപ്പമെത്തിയയാള്ക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ ഝജ്ജാര്‍ സ്വദേശിയുമായിരുന്നു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരുടെ ചോദ്യം ചെയ്തപ്പോള്‍ നേരത്തെ വിവാഹം ഉറപ്പിച്ച വരന്റെ കാല് അപകടത്തില്‍ ഒടിഞ്ഞതായും തുടര്‍ന്ന് വിവാഹം ഇത്തരത്തില്‍ ക്രമീകരിക്കുകയായിരുന്നുവെന്നും വിവാഹ ദല്ലാളുമാര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് വധുവിന്റെ കുടുംബം ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.