നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഈ ലോകത്ത് നടക്കാറുണ്ട് അത്തരത്തിലുള്ള ഒരു കാര്യമാണ് ഇപ്പോള്‍ അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് 12മണിക്കൂറാണ് ഇന്റര്‍നെറ്റില്ലാതെ പോയത്. 2011ലായിരുന്നു ഈ സംഭവം .ഈ സംഭവത്തിന് പിന്നില്‍ വലിയ കാരണങ്ങളൊന്നുമായിരുന്നില്ല. ഇതിലേക്ക് വഴിതെളിച്ചത് ഒരു മുത്തശ്ശിയെടുത്ത കുഴിയായിരുന്നു.
ഈ കുഴി അര്‍മീനിയയിലായിരുന്നില്ല പകരം അയല്‍രാജ്യമായ ജോര്‍ജിയയിലായിരുന്നു. ജോര്‍ജിയയുടെ അര്‍മാസി എന്ന ഗ്രാമത്തിലാണ് 75 വയസ്സുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്. ഇവര്‍ പെന്‍ഷന്‍ പറ്റിയ മുന്‍ ജീവനക്കാരിയായിരുന്നു. ജോര്‍ജിയ നിവാസികള്‍ പണ്ട് ഉപേക്ഷിക്കപ്പെട്ട ലോഹവസ്തുക്കള്‍ക്കായി തങ്ങളുടെ ചുറ്റുപാടുമുള്ള ഭൂമി കുഴിച്ചുനോക്കുന്നത് പതിവായിരുന്നു. എന്തെങ്കിലും ലോഹം കിട്ടിയാല്‍ പിന്നീട് അതവര്‍ ആക്രിവിലയ്ക്ക് വിറ്റ് പണം കണ്ടെത്തും. ഷക്കാറിയാനും ഇത്തരത്തിലുള്ള ഒരു ശ്രമമാണ് നടത്തിയത്.
എന്നാല്‍ കുഴിയെടുക്കാനായി ഇവര്‍ ഉപയോഗിച്ച മണ്‍വെട്ടി ഭൂഗര്‍ഭ കേബിളുകളിലൊന്നില്‍ വന്നു മുട്ടി. മണ്‍വെട്ടിയുടെ മൂര്‍ച്ചയില്‍ കേബിള്‍ മുറിഞ്ഞു. സെക്കന്‍ഡില്‍ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോര്‍ജിയന്‍ കോകസസ് കേബിളായിരുന്നു അത്. മുത്തശ്ശി വെട്ടിയത് ജോര്‍ജിയയില്‍ നിന്ന് അര്‍മീനിയയിലേക്കും അസര്‍ബൈജാനിലേക്കും ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന 500 കിലോമീറ്ററോളം നീളമുള്ള ഈ ഫൈബര്‍ ഒപ്റ്റിക് കേബിളിലാണ്.
ഇതിന്റെ ഫലമായി ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു. അര്‍മീനിയയില്‍ ഇന്റര്‍നെറ്റ് നിലച്ചു. ബാങ്കുകളില്‍ സേവനങ്ങള്‍ അവതാളത്തിലായി. ഇമെയിലുകള്‍ പോകാതെയായി. ജോര്‍ജിയ ടെലികോ കമ്പനിക്കായിരുന്നു ഈ കേബിളിന്റെ ചുമതല. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് അവര്‍ ഇതിന് കാരണവും പരിഹാരവും കണ്ടെത്തിയത്. താമസിക്കാതെ ഷക്കാറിയന്‍ മുത്തശ്ശി അറസ്റ്റിലായി.