Health

രാവിലെ ഈ ആറു കാര്യങ്ങൾ ചെയ്തുനോക്കൂ; ശരീരഭാരം കുറയും, ആരോഗ്യം കൂടും!…

ദിനചര്യകളിലൂടെയാണ് നമ്മുടെ ആരോഗ്യം മെച്ചമാകുന്നത്. ദൈനംദിന കാര്യങ്ങള്‍ കൃത്യമായും ഭക്ഷണകാര്യങ്ങള്‍ ശരിയായ രീതിയിലും ആയാല്‍ തന്നെ അസുഖങ്ങളില്‍ നിന്നൊക്കെ നമുക്ക് അകലം പാലിയ്ക്കാം. രാവിലെ എഴുന്നേറ്റയുടന്‍ കുറച്ച് വെള്ളം കുടിക്കുന്നതും പ്രാതലിന് പ്രോട്ടീന്‍ സമ്പുഷ്ടമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഇൗ ശീലങ്ങളിലൂടെ ആരോഗ്യം നമ്മുടെ കൈപ്പിടിയില്‍ ഒരു പരിധി വരെ ഒതുക്കാന്‍ സാധിയ്ക്കും…..

പ്രഭാതം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക – തലേദിവസം രാത്രിയില്‍ തന്നെ പ്രഭാതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക. ബദാം പോലുള്ള നട്‌സുകള്‍ രാത്രിയില്‍ വെള്ളത്തിലിട്ട് വെക്കേണ്ടതുണ്ട്. അത് ചെയ്യുക. ഒരു ഭക്ഷണക്രമം ഉണ്ടാക്കുകയും കൃത്യമായി അത് പാലിക്കുകയും ചെയ്യുക.

വെള്ളം കുടിക്കുക – രാവിലെ എഴുന്നേറ്റാല്‍ ഉടനെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെയും ശരീരത്തിന്റെ മെറ്റബോളിസത്തെയും ത്വരിതപ്പെടുത്തും. എഴുന്നേറ്റ ഉടനെ ഒരു 500 മില്ലി വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് 24 മുതല്‍ 30 ശതമാനം വരെ താല്‍ക്കാലികമായി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് കാലറിയെ വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രാതല്‍– പ്രാതല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കണം. മുട്ട, നട്‌സോടു കൂടിയ ഓട്‌സ്, നേന്ത്രപ്പഴം എന്ന് തുടങ്ങി പോഷകസമ്പുഷ്ടമായിരിക്കണം പ്രഭാതഭക്ഷണം. പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചാല്‍ വയറു നിറഞ്ഞിരിക്കുന്ന തോന്നല്‍ ഉണ്ടായിരിക്കും. പ്രോട്ടീന്‍ പേശീബലത്തിന് സഹായിക്കുന്നതിന് ഒപ്പം അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

മധുരമുള്ള ഭക്ഷണം കുറയ്ക്കുക – പ്രാതലിന് മധുരമുള്ള ഭക്ഷണങ്ങളായി പേസ്ട്രീ, പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണം ഇന്‍സുലിന്‍ വര്‍ധിപ്പിക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുറഞ്ഞ പഞ്ചസാരയും ഉയര്‍ന്ന നാരുകളുമടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കുകയും ഊര്‍ജ്ജം നിലനിര്‍ത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വ്യായാമം ചെയ്യാം – രാവിലെ എഴുന്നേറ്റതിനു ശേഷ ഒരു 10 – 15 മിനിറ്റു നേരം ലഘുവായ വ്യായാമങ്ങള്‍ ചെയ്യാം. സ്‌ട്രെച്ചിംഗ്, യോഗ, വേഗത്തിലുള്ള നടത്തം എന്നിവ ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെയുള്ള വ്യായാമങ്ങള്‍ ഉപാപചയം അഥവാ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുവാന്‍ ഇത് സഹായിക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പുകള്‍ – ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അവോക്കാഡോ, നട്‌സുകള്‍, വിത്തുകള്‍ എന്നിവ ഇത്തരത്തില്‍ പ്രാതലില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ പ്രാതല്‍ രാവിലെ കഴിക്കുന്നത് പിന്നീട് ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.