Sports

‘ഗംഭീര്‍ ട്രക്ക് ഡ്രൈവറുടെ കോളറില്‍ പിടിച്ചു…” ഇന്ത്യന്‍ കോച്ചിന്റെ ദേഷ്യത്തെക്കുറിച്ച് മുന്‍ സഹതാരം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ടീമിനോടുള്ള ആത്മാര്‍ത്ഥതയും ആവേശവും ചരിത്രമാണ്. കളിക്കാരനായിരുന്നപ്പോഴും കമന്റേറ്ററായിരുന്നപ്പോഴും ഇന്ത്യന്‍ ടീമിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും വൈകാരികതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യയുടെ പരിശീലകനായി ടെസ്റ്റില്‍ അരങ്ങേറുന്ന ഗംഭീറിന്റെ വൈകാരികതയെക്കുറിച്ചും ആക്രമണോത്സുകമായ രീതികളുടേയും മറ്റൊരു വശം ചൂണ്ടിക്കാട്ടിത്തരികയാണ് മുന്‍ സഹതാരമായിരുന്ന ആകാശ് ചോപ്ര.

യുട്യൂബര്‍ രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീറിന്റെ തീക്ഷ്ണമായ സ്വഭാവത്തെ സംഗ്രഹിക്കുന്ന ഒരു പ്രത്യേക സംഭവം ചോപ്ര വിവരിച്ചു. അവര്‍ ഡല്‍ഹിയില്‍ ആയിരുന്ന കാലത്ത്, ഗംഭീര്‍ ഒരിക്കല്‍ ഒരു ട്രക്ക് ഡ്രൈവറുമായി റോഡിന് നടുവില്‍ വെച്ച് കടുത്ത വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട സംഭവമാണ് ആകാശ് ചോപ്ര അനുസ്മരിച്ചത്. ‘ഗൗതം ഒരിക്കല്‍ ഡല്‍ഹിയില്‍ ഒരു ട്രക്ക് ഡ്രൈവറുമായി വഴിയുടെ നടുക്കുവെച്ച് വഴക്കിട്ട ആളാണ്. അയാള്‍ ട്രാഫിക്ക് തെറ്റിക്കുകയും പിന്നീട് ഗംഭീറിനെ അധിക്ഷേപിക്കുകയും ചെയ്തത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കാറില്‍ നിന്ന് ഇറങ്ങിയ ഗംഭീര്‍ ട്രക്കില്‍ ചാടിക്കയറി ഡ്രൈവറുടെ കോളറില്‍ പിടിച്ചു.” ചോപ്ര പറഞ്ഞു.

രാഹുല്‍ ദ്രാവിഡിന്റെ വിടവാങ്ങലിന് ശേഷം ഗംഭീര്‍ പരിശീലക റോളിലേക്ക് ചുവടുവെക്കുന്നതോടെ, ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന്റെ ചലനാത്മകതയില്‍ ഒരു പ്രത്യേക മാറ്റമുണ്ടാകുമെന്ന് ചോപ്ര വിലയിരുത്തുന്നു. ദ്രാവിഡിന്റെ പെരുമാറ്റവും നയതന്ത്ര സ്വഭാവവും കൊണ്ട് ആഘോഷിക്കപ്പെട്ടപ്പോള്‍, ഗംഭീറിന്റെ തീക്ഷ്ണമായ വ്യക്തിത്വം പരിശീലനത്തിന് ഒരു പുതിയ വശം കൊണ്ടുവരും.

ഓണ്‍-ഫീല്‍ഡ് ഏറ്റുമുട്ടലുകള്‍ക്ക് മുമ്പും ഗംഭീര്‍ വിവാദനായകനായിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനെന്ന നിലയിലും പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായും വിരാട് കോഹ്ലിയുമായി ഏറ്റുമുട്ടിയതാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ചൂടേറിയ ചരിത്രം ഉണ്ടായിരുന്നിട്ടും, ഡല്‍ഹിക്ക് വേണ്ടി ഒരുമിച്ച് കളിച്ച ആദ്യ നാളുകളില്‍ നിന്ന് ആഴത്തിലുള്ള ബന്ധം പങ്കിടുന്ന രണ്ട് കളിക്കാരും 2024 ഐപിഎല്‍ സീസണില്‍ അനുരഞ്ജനം നടത്തുകയും ചെയ്തു.