Featured Sports

എനിക്കിന്ന് പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും വേണമെന്ന് സഞ്ജു സാംസണ്‍ ! വിന്‍ഡീസിനെതിരേ 97 റൺസടിച്ചശേഷം ഡയറ്റ് ബ്രേക്ക് ചെയ്ത കഥ വൈറലാകുന്നു

2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ പുറത്താകാതെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതവും സഞ്ജു അടിച്ചുകൂട്ടി.

വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജുവിനെ തേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമെത്തി. ഈ ചരിത്ര നേട്ടത്തിന് പിന്നിൽ സഞ്ജു നടത്തിയ കഠിനമായ തയ്യാറെടുപ്പുകളെക്കുറിച്ചും ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് പ്രശസ്ത ഷെഫ് സുരേഷ് പിള്ള.

കഴിഞ്ഞ മൂന്ന് മാസമായി അതീവ കർശനമായ ഡയറ്റ് പിന്തുടരുന്ന സഞ്ജു, സെമി ഫൈനൽ ഉറപ്പിച്ച വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം തന്റെ ഡയറ്റ് തെറ്റിച്ചുകൊണ്ട് ഒരു പ്രത്യേക ‘ചീറ്റ് മീൽ’ (cheat meal- കർശനമായ ഡയറ്റിംഗിനിടയിൽ ആഴ്ചയിലൊരിക്കൽ ഇഷ്ടമുള്ള, കലോറി കൂടിയ ഭക്ഷണം കഴിക്കുന്ന രീതി) ആവശ്യപ്പെട്ടതായി സുരേഷ് പിള്ള പറഞ്ഞു. സഞ്ജുവിന്റെ മാനേജർ ഇഖ്ലാസാണ് ഇതിനായി സുരേഷ് പിള്ളയെ ബന്ധപ്പെട്ടത്.

“ചേട്ടാ… വിൻഡീസിനെതിരായ കളി ഗംഭീരമായിരുന്നു, സഞ്ജു വളരെ സന്തോഷത്തിലാണ്. ഞങ്ങൾ ഇപ്പോൾ മുംബൈയിലുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി സഞ്ജു കർശനമായ ഡയറ്റിലായിരുന്നു, ഇന്ന് രാത്രി അവനൊരു ചീറ്റ് മീൽ വേണം. പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും ഏർപ്പാടാക്കാൻ പറ്റുമോ?” എന്നായിരുന്നു മാനേജരുടെ ചോദ്യം. രാത്രി ഏഴ് മണിക്ക് മുംബൈയിൽ വെച്ച് പഴങ്കഞ്ഞി കിട്ടാൻ പ്രയാസമായതിനാൽ കഞ്ഞിയും കപ്പയും മീനും താൻ ഒരുക്കി നൽകിയതായി സുരേഷ് പിള്ള ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഓരോ ടൂർണമെന്റിന് മുൻപും സഞ്ജു നടത്തുന്ന ത്യാഗങ്ങൾ ആരും കാണാറില്ലെന്നും ഫോൺ ഓഫാക്കി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന മാസങ്ങൾ നീണ്ട നിശബ്ദമായ പോരാട്ടമാണ് മലയാളിക്ക് അഭിമാനമായ ഓരോ നിമിഷത്തിന് പിന്നിലെന്നും സുരേഷ് പിള്ള പങ്കുവെച്ചു. വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയാണ് സഞ്ജു കളിക്കാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *