ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടി കുരങ്ങിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ സഹതാപവും പിന്തുണയും ഏറ്റുവാങ്ങുകയാണ് ഈ കുഞ്ഞൻ ജാപ്പനീസ് മക്കാക്ക്. അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് മൃഗശാല അധികൃതർ വളർത്തിയെടുത്ത പഞ്ചിന്റെ ജീവിതം തുടക്കം മുതലേ ഏറെ സഹതാപം പിടിച്ചുപറ്റിയിരുന്നു .
ഈ മാസം ആദ്യം പുറത്തുവന്ന ചില വീഡിയോകൾ പഞ്ചിനെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കൂട്ടത്തിലെ മുതിർന്ന കുരങ്ങുകൾ പഞ്ചിനെ തല്ലുന്നതും തള്ളിയിടുന്നതുമായ ദൃശ്യങ്ങൾ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒറ്റപ്പെട്ട സാഹചര്യത്തിൽ ആശ്വാസത്തിനായി ഐകിയയിൽ (IKEA) നിന്നുള്ള ഒരു ചെറിയ ഒറാങ്ങുട്ടാൻ പാവയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന പഞ്ചിന്റെ ദൃശ്യം എല്ലാവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.
അമ്മയിൽ നിന്ന് വേർപെട്ട പഞ്ചിന് ആശ്വാസമേകാൻ മൃഗശാലാ ജീവനക്കാരാണ് ഈ പാവ നൽകിയത്. വിശ്രമിക്കുമ്പോഴും നടക്കുമ്പോഴും മറ്റ് കുരങ്ങുകൾക്കിടയിൽ ഭയപ്പെടുമ്പോഴുമെല്ലാം പഞ്ച് ഈ പാവയെ മുറുകെ പിടിക്കുന്നത് പതിവായി. ഈ വാർത്ത പരന്നതോടെ പഞ്ചിനെ നേരിൽ കാണാൻ ജപ്പാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരുടെ വലിയ തിരക്കാണ് മൃഗശാലയിൽ അനുഭവപ്പെടുന്നത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആശ്വാസകരമാണ്. ഫെബ്രുവരി 22-ന് പഞ്ചിനെ കാണാനായി രണ്ട് മണിക്കൂർ യാത്ര ചെയ്തെത്തിയ ആനി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, പഞ്ച് തന്റെ പ്രിയപ്പെട്ട പാവയുമായി നടക്കുന്നുണ്ടെങ്കിലും മൃഗശാലയിലെ അന്തരീക്ഷം ഇപ്പോൾ ശാന്തമാണെന്ന് വ്യക്തമാകുന്നു. ചില മുതിർന്ന കുരങ്ങുകൾ ഇപ്പോഴും പരുക്കനായി പെരുമാറുന്നുണ്ടെങ്കിലും പഞ്ച് പതുക്കെ പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് കളിപ്പാട്ടം താഴെവെച്ച് മരക്കഷ്ണങ്ങൾ കൊണ്ട് കളിക്കാനും പഞ്ച് തയ്യാറാകുന്നുണ്ട്. ഇത് അവന്റെ ആത്മവിശ്വാസം വർധിക്കുന്നതിന്റെ ലക്ഷണമാണെന്ന് ആനി നിരീക്ഷിക്കുന്നു.
മൃഗശാല അധികൃതർ എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിവരങ്ങളും ഇത് ശരിവെക്കുന്നു. കൂട്ടത്തിലെ രണ്ട് കുരങ്ങുകൾ പഞ്ചിനെ താലോലിക്കുകയും (Grooming) വൃത്തിയാക്കുകയും ചെയ്തതായി അവർ അറിയിച്ചു. കുരങ്ങുകൾക്കിടയിൽ ഇത്തരം പെരുമാറ്റങ്ങൾ പരസ്പരമുള്ള സ്വീകാര്യതയുടെയും സൗഹൃദത്തിന്റെയും അടയാളമാണ്. ഒറ്റപ്പെട്ടുപോയ ആ കുഞ്ഞു കുരങ്ങ് പതുക്കെ തന്റെ വർഗ്ഗക്കാരുടെ ഇടയിലേക്ക് ഇണങ്ങിച്ചേരുന്നത് വലിയ പുരോഗതിയായാണ് കണക്കാക്കപ്പെടുന്നത്. ജീവനക്കാരുടെ പ്രത്യേക നിരീക്ഷണത്തിൽ പഞ്ച് തന്റെ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരികയാണ്.




