ആഴ്സണലിന്റെ 16 വയസ്സുകാരനായ വിങ്ങർ മാക്സ് ഡൗമാൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കി. ശനിയാഴ്ച എവർട്ടണിനെതിരായ മത്സരത്തിൽ ആഴ്സണൽ 2-0 ന് വിജയിച്ചപ്പോൾ ഇഞ്ചുറി ടൈമിലായിരുന്നു ഡൗമാന്റെ അവിസ്മരണീയമായ ഗോൾ.
സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച ഡൗമാൻ, രണ്ട് എവർട്ടൺ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗ്രൗണ്ടിന്റെ പകുതിയോളം ഒറ്റയ്ക്ക് ഓടിക്കയറിയാണ് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ചത്. കോർണർ കിക്ക് എടുക്കുന്ന സമയത്ത് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് പോസ്റ്റ് വിട്ട് മുന്നിലേക്ക് കയറി നിന്നിരുന്നതിനാൽ ഡൗമാന് കാര്യങ്ങൾ എളുപ്പമായി.
16 വർഷവും 73 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ ഇംഗ്ലീഷ് അത്ഭുതബാലൻ തന്റെ മൂന്നാം മത്സരത്തിൽ തന്നെ ഈ നേട്ടം സ്വന്തമാക്കുന്നത്. ഡൗമാന്റെ കളി അവിശ്വസനീയമാണെന്നും സമ്മർദ്ദങ്ങളില്ലാതെ സ്വാഭാവികമായാണ് അവൻ പന്തുതട്ടുന്നതെന്നും ആഴ്സണൽ മാനേജർ മൈക്കൽ അർട്ടേറ്റ പുകഴ്ത്തി. 2005-ൽ ജയിംസ് വോൺ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്. ജയിംസ് മിൽനർ, വെയ്ൻ റൂണി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളെയും ഡൗമാൻ പിന്നിലാക്കി.
നേരത്തെ, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഡൗമാൻ തന്റെ 15-ാം വയസ്സിൽ സ്വന്തമാക്കിയിരുന്നു. നിലവിൽ സ്കൂൾ വിദ്യാർത്ഥിയായ ഡൗമാൻ 14-ാം വയസ്സിൽ തന്നെ സീനിയർ ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു. പ്രീമിയർ ലീഗ് നിയമങ്ങൾ അനുസരിച്ച് 18 വയസ്സിന് താഴെയുള്ള താരമായതിനാൽ, സീനിയർ താരങ്ങളിൽ നിന്ന് മാറി പ്രത്യേക ലോക്കർ റൂമിലാണ് ഡൗമാൻ വസ്ത്രം മാറുന്നത്. ഈ കൊച്ചു താരം ഇതിനോടകം തന്നെ ഫുട്ബോൾ ലോകത്തെ വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.




