കര്‍ണാടക സംസ്ഥാനത്തെ ഞെട്ടിച്ച ഹാവേരി കൂട്ടബലാത്സംഗക്കേസ് പ്രതികളായ നാല് പേര്‍ ജാമ്യം കിട്ടി ജയില്‍മോചനം ആഘോഷമാക്കിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. 2024 ജനുവരിയില്‍ ഹംഗല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പ്രതികളിലെ ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം ജാമ്യം കിട്ടിയത്.
മെയ് 20 ന് അക്കി അല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്, എന്നാല്‍ ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വ്യാപകമായ പൊതു വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും ഏഴൂപേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്ന് ഹവേരി പോലീസ് സൂപ്രണ്ട് അന്‍ഷു കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഇവരുടെ ജാമ്യം റദ്ദാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഏഴ് പ്രാഥമിക പ്രതികളുടെയും ക്രൈംഹിസ്റ്ററി ഷീറ്റുകള്‍ തുറന്നിട്ടുണ്ട്. സമിയുള്ള ലാലനാവര്‍, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, റിയാസ് സാവിക്കേരി എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള മൂന്ന് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 2024 ജനുവരിയില്‍ ഹംഗല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പ്രതികളില്‍ ഏഴുപേരും ഉള്‍പ്പെടുന്നു. ഹോട്ടലില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു ബലാത്സംഗം.
ഇരയായ 26കാരി മാധ്യമങ്ങളോട് സംസാരിക്കുകയും പിന്നീട് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയും ഹംഗല്‍ തഹസില്‍ദാര്‍ നടത്തിയ ഔദ്യോഗിക ലൈനപ്പില്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. 19 പ്രതികളില്‍ 12 പേര്‍ക്ക് 10 മാസം മുമ്പാണ് ജാമ്യം ലഭിച്ചത്. ഈയാഴ്ച വീണ്ടും അറസ്റ്റ് ചെയ്ത നാലുപേരുള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ സംഭവത്തിന് മുമ്പാണ് ജാമ്യം നേടിയത്.