ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന് കുടിച്ചതിനേത്തുടര്‍ന്ന് മരിച്ച 23 കുട്ടികളില്‍ ഓരോരുത്തരുടെയും ജീവന്റെ വിലയായി ഡോക്‌ടര്‍ക്കു ലഭിച്ചത് 2.54 രൂപ! കുട്ടികള്‍ക്കു കാലദൂതനായി മാറിയ, തമിഴ്‌നാട്ടിലെ ശ്രേശന്‍ ഫാര്‍മയുടെ ‘കോള്‍ഡ്രിഫ്’ ചുമമരുന്നിന്റെ വില 24.54 രൂപയായിരുന്നു. വില്‍ക്കുന്ന ഓരോ കുപ്പി മരുന്നിനും 10% കമ്മീഷനായാണ് 2.54 രൂപ വീതം ഡോക്‌ടര്‍ക്കു ലഭിച്ചിരുന്നത്.
ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലുള്ള ഡോ. പ്രവീണ്‍ സോണി പരാസിയായിലെ ഗവ. ആരോഗ്യകേന്ദ്രത്തില്‍ ശിശുരോഗവിദഗ്‌ധനായിരുന്നു. സ്വകാര്യ പ്രാക്‌ടീസിന്റെ ഭാഗമായി ഇയാള്‍ ‘കോള്‍ഡ്രിഫ്’ മരുന്ന് നിരന്തരം കുറിച്ചുകൊടുത്തിരുന്നു. കുട്ടികളുടെ മരണത്തേത്തുടര്‍ന്ന് ഈ മരുന്ന് ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. മരുന്ന് നിര്‍മാണക്കമ്പനിയായ ശ്രേശന്‍ ഫാര്‍മയുടെ ഉടമ രംഗനാഥന്‍ കഴിഞ്ഞദിവസം ചെന്നൈയില്‍ അറസ്‌റ്റിലായിരുന്നു.
ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്.ഡി.സി) മരുന്നുകള്‍ നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു നല്‍കരുതെന്ന കേന്ദ്രമാര്‍ഗനിര്‍ദേശം മറികടന്നാണ് ഡോ. പ്രവീണ്‍ ‘കോള്‍ഡ്രിഫ്’ മരുന്ന് കുറിച്ചിരുന്നത്. വൃക്കയ്‌ക്കു തകരാറുണ്ടാക്കുന്ന ഡിഎഥിലീന്‍ ഗ്ളൈക്കോള്‍ അനുവദനീയമായതില്‍ കൂടിയ അളവില്‍ ഈ മരുന്നിലുണ്ടായിരുന്നു. മരുന്നിനു കമ്മീഷന്‍ വാങ്ങിയിരുന്നതായി ഡോ. പ്രവീണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഡോക്‌ടറുടെ അഭിഭാഷകന്‍ ഇക്കാര്യം നിഷേധിച്ചു. ഡോക്‌ടര്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഡോക്‌ടര്‍ പ്രവീണ്‍ കുറിക്കുന്ന മരുന്നുകള്‍ വില്‍ക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും അനന്തരവനും നടത്തുന്ന മെഡിക്കല്‍ സ്‌റ്റോറുകളിലൂടെയാണെന്ന് പോലീസ് പറയുന്നു.




