Lifestyle

സന്തോഷകരമായ ദാമ്പത്യത്തിന് ; പങ്കാളിയോട്‌ ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍

സന്തോഷകരമായ ദാമ്പത്യത്തിന് നിരവധി കാര്യങ്ങള്‍ക്ക് പ്രധാന്യം ഉണ്ട്. പരസ്പരം സ്നേഹവും, ബഹുമാനവും, പരിഗണനയും, മനസിലാക്കലുമൊക്കെ അവിടെ ആവശ്യമാണ്. പരസ്പരം മനസിലാക്കുന്ന പോലെ തന്നെ വേണ്ടുന്ന ഒന്നാണ് പരസ്പരം സംസാരിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട മര്യാദകളും. പലപ്പോഴും ആലോചിയ്ക്കാതെ പറയുന്ന പല വാക്കുകളും ദാമ്പത്യത്തെ തകര്‍ച്ചയിലേയ്ക്ക് നയിക്കാം. പങ്കാളിയോട് ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം…..

  • മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് – പങ്കാളിയോട് ദേഷ്യമോ നിരാശയോ തോന്നുമ്പോള്‍ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പറയാന്‍ തോന്നുക സ്വാഭാവികമാണ്. ഒരിക്കലും നിങ്ങള്‍ മുമ്പ് ബന്ധത്തിലായിരുന്നവരുമായി നിലവിലെ പങ്കാളിയെ താരതമ്യം ചെയ്യരുത്. നിങ്ങള്‍ മുമ്പ് ഇഷ്ടപ്പെട്ടിരുന്നവരുമായി താരതമ്യം ചെയ്യുന്നത് പങ്കാളിയുടെ വില കുറച്ചു കാണിക്കുന്നതു പോലെയാണ്. അത് അവര്‍ക്ക് അപമാനമായി തോന്നുകയും ബന്ധത്തെ ബാധിക്കുകയും ചെയ്യും അതിനാല്‍ എത്ര അതൃപ്തിയും നിരാശയും അനുഭവപ്പെട്ടാലും പങ്കാളിയോടുള്ള സ്‌നേഹത്തിനും ബഹുമാനത്തിനും കുറവ് വരുത്തരുത്.
  • വിവാഹമോചനം – വിവാഹ മോചനം ചെയ്യുമെന്ന് പറഞ്ഞ് പങ്കാളിയെ ഭീഷണിപ്പെടുത്തരുത്. വിവാഹ ബന്ധം നീണ്ടു നില്‍ക്കാന്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ല എന്ന തോന്നല്‍ പങ്കാളിയില്‍ ഉണ്ടാകും. മാത്രമല്ല പങ്കാളിക്ക് നിരസിക്കപ്പെടുന്നതായി തോന്നുകയും നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ ഇങ്ങനെ നിങ്ങള്‍ പറഞ്ഞു പോയാല്‍ അത് നിങ്ങളുടെ വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.
  • കൂടുതല്‍ പരിഹസിക്കരുത് – പരിഹാസ വാക്കുകള്‍ തുടക്കത്തില്‍ ഹാനികരമല്ല എന്ന് തോന്നിയേക്കാം, എന്നാല്‍ അത് നിങ്ങളുടെ പങ്കാളിയുടെ മനസിനെ മുറിവേല്‍പ്പിച്ചേക്കാം. നിറവേറ്റാന്‍ ആവാത്ത പ്രതീക്ഷയാല്‍ നിങ്ങള്‍ അസ്വസ്ഥരാണന്ന് നിങ്ങള്‍ പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പരിഹാസ വാക്കുകള്‍ പങ്കാളിയെ തളര്‍ത്തുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്യും . ബന്ധം തകരാന്‍ ഇത് കാരണമായേക്കാം.
  • പങ്കാളിയുടെ കുടുംബത്തെ നിന്ദിക്കരുത് – പങ്കാളിയുടെ കുടുംബാംഗങ്ങളെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒരിക്കലും നടത്തരുത്. സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നിന്ദിച്ച് സംസാരിക്കുന്നത് ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് സ്വന്തം പങ്കാളിയില്‍ നിന്നും അത്തരം സമീപനം ആരും ആഗ്രഹിക്കില്ല. പങ്കാളിയുടെ മാതാപിതാക്കളോടും ബഹുമാനത്തോടും സ്‌നേഹത്തോടും പെരുമാറുക. കുടുംബത്തിനകത്ത് സമാധാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  • പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കരുത് – എന്തിനും ഏതിനും കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ പങ്കാളിയുടെ മനസ് വേദനിക്കും. കാരണം എപ്പോഴും അവര്‍ അങ്ങനെ ആകണം എന്നില്ല. അവര്‍ ഒരിക്കലും ഒരു കാര്യവും ശരിയായി ചെയ്യില്ലെന്നും അവര്‍ ഒരിക്കലും മാറുമെന്ന് നിങ്ങള്‍ കരുതുന്നില്ല എന്നുമാണ് നിങ്ങള്‍ ഇതിലൂടെ പങ്കാളിയോട് പറയുന്നത്. ഇത്തരത്തില്‍ പറയുമ്പോള്‍ ശരിക്കും നിങ്ങള്‍ അവരുടെ സ്വഭാവ ഹത്യ നടത്തുകയാണ് ചെയ്യുന്നത്.
  • പങ്കാളിയുടെ സ്‌നേഹത്തെ പരീക്ഷിക്കരുത് – പങ്കാളിയുടെ സ്‌നേഹത്തെ സംശയിക്കുകയോ പരീക്ഷിച്ചു നോക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവരുടെ സ്‌നേഹം തെളിയിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത പലതും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. തര്‍ക്കിക്കുന്നതിന് പകരം അഭ്യര്‍ത്ഥിക്കുക. അകല്‍ച്ച തോന്നാത്ത വിധം ആധികാരികതയോടെ സമീപിക്കുക, അടുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിയുടെ മനസിനെ വേദനിപ്പിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക.
  • സഹനസമരം ഒഴിവാക്കുക – പങ്കാളി പറയുന്നത് എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന സ്വഭാവം ആണ് നല്ലതെന്ന് തോന്നിയേക്കാം. എന്നാല്‍ ചിലപ്പോള്‍ ഇത് വിപരീത ഫലമായിരിക്കും നല്‍കുക. പങ്കാളിയോടെ എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ അത് കലഹത്തിന് തുടക്കം ഇടുമോ എന്ന ഭയം കൊണ്ടായിരിക്കാം നിങ്ങള്‍ സഹനം ശീലമാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും കലഹിക്കാന്‍ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക ആയിരിക്കും ചെയ്യുക. ദീര്‍ഘകാല ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാണ് കലഹം.
  • പങ്കാളിയുടെ ഏറ്റവും വലിയ വിമര്‍ശകര്‍ ആകാതിരിക്കുക – പങ്കാളി എപ്പോഴും നിങ്ങളുടെ പിന്തുണയാണ് ആഗ്രഹിക്കുന്നത് ഒരിക്കലും നിങ്ങള്‍ എതിര്‍പക്ഷത്താണന്ന് തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്. അവരെ നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ചിന്ത അവരില്‍ ഉണ്ടാകരുത്. അവരുടെ ഏറ്റവും വലിയ വിമര്‍ശകരാകുന്നതിന് പകരും ഏറ്റവും വലിയ ആരാധകരായി മാറുക. പങ്കാളിയെ പിന്തുണയ്ക്കുക എന്നത് സന്തോഷ പൂര്‍ണവും ആരോഗ്യകരവും വിജയകരവുമായ ബന്ധത്തിന് വളരെ അത്യാവശ്യമാണ്.