Healthy Food

ഭക്ഷ്യ അലര്‍ജി ചിലപ്പോള്‍ അപകടകരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. ഇത്‌ ഗൗരവമായിക്കണ്ട്‌ കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്‌. ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ പ്രകടമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ്‌ ഭക്ഷ്യഅലര്‍ജി. പ്രായം കൂടുന്നതനുസരിച്ച്‌ ഭക്ഷ്യ അലര്‍ജിയുടെ നിരക്ക്‌ കുറഞ്ഞുവരുന്നതായി കാണാം. അലര്‍ജിക്ക്‌ കാരണമാകുന്ന ഭക്ഷ്യവസ്‌തുക്കള്‍ താഴെ പറയുന്നവയാണ്‌.

പാല്‍പശുവിന്‍

പാല്‌ ഉള്‍പ്പെടെ എല്ലാത്തരം പാലും അലര്‍ജിക്ക്‌ കാരണമാകുന്നുണ്ട്‌. ഇത്‌ കുട്ടികളിലാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. പാലിന്‌ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഇടയ്‌ക്കിടെ തുമ്മല്‍, മൂക്കൊലിപ്പ്‌, ആസ്‌ത്മ എന്നിവ ഉണ്ടാവാം. ഇത്‌ ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ വളര്‍ച്ച മുരടിക്കാന്‍ സാധ്യതയുണ്ട്‌. പാലില്‍ അടങ്ങിയിരിക്കുന്ന കസീന്‍ എന്ന മാംസ്യമാണ്‌ അലര്‍ജിക്ക്‌ കാരണമാകുന്നത്‌.

അണ്ടിപ്പരിപ്പ്‌ കഴിക്കുമ്പോള്‍

അലര്‍ജി സാധ്യത ഉള്ളവര്‍ അണ്ടിപ്പരിപ്പ്‌ കഴിക്കുന്നത്‌ ദേഹം ചൊറിച്ചില്‍ മുതല്‍ അപകടകരമായ അനാഫെലാക്‌സിസ്‌ വരെ ഉണ്ടാക്കാം. വായും നാവും ചൊറിഞ്ഞ്‌ തടിക്കുക, ശരീരം ചൊറിഞ്ഞ്‌ വീര്‍ക്കുക തുടങ്ങിയവയാണ്‌ അണ്ടിപ്പരിപ്പ്‌ മൂലമുണ്ടാകുന്ന അലര്‍ജിയുടെ ലക്ഷണങ്ങള്‍.

മുട്ട വെള്ള ഒഴിവാക്കാം

മുട്ടയിലുള്ള മാംസ്യങ്ങള്‍ വളരെ തീവ്രമായ അലര്‍ജി ഉണ്ടാക്കുവാന്‍ ശേഷിയുള്ളവയാണ്‌. മുട്ടയുടെ വെള്ളക്കരുവാണ്‌ മഞ്ഞയെക്കാള്‍ അലര്‍ജി സാധ്യതയുള്ളത്‌.

മത്സ്യഗന്ധവും അലര്‍ജിയും

മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ചിലയിനം മാംസ്യങ്ങള്‍ ശക്‌തിയേറിയ അലര്‍ജി സ്വഭാവമുള്ളവയാണ്‌. ചിലര്‍ക്ക്‌ മത്സ്യത്തിന്റെ ഗന്ധം തന്നെ അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നു. കോഴി, ആട്‌, മാട്‌ എന്നിവയുടെ മാംസം അലര്‍ജിയുണ്ടാക്കുന്നവയാണ്‌.

ധാന്യങ്ങളിലെ ഗ്ലൂട്ടന്‍

ഗോതമ്പ്‌, ഓട്‌സ്, ബാര്‍ലി എന്നീ ധാന്യങ്ങള്‍ ഏതു പ്രായക്കാരിലും അലര്‍ജിയുണ്ടാക്കും. ഗോതമ്പ്‌, ഓട്‌സ്, ചോളം എന്നീ ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ എന്ന പദാര്‍ഥത്തിനോടുള്ള അലര്‍ജിരോഗമാണ്‌ സീലിയാക്‌ ഡിസീസ്‌. ജീവിതകാലം മുഴുവന്‍ ഗ്ലൂട്ടന്‍ ഒഴിവാക്കുക എന്നതാണ്‌ ഈ രോഗത്തിന്റെ പ്രതിവിധി. ഇവയ്‌ക്കുപുറമേ പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍, ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവയും അലര്‍ജിയുണ്ടാക്കുന്നതായി കണ്ടുവരുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിയാം

ശരീരത്തിലെ ഏത്‌ അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ്‌ ഏറ്റവും കൂടുതലും ബാധിക്കുന്നത്‌. ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരം ചൊറിഞ്ഞ്‌ തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട്‌ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്‌. ദഹനേന്ദ്രിയങ്ങളെ ബാധിക്കുമ്പോള്‍ വയറുവേദന, വയറിളക്കം, വായിലും നാവിലും തടിപ്പ്‌, ഇടവിട്ടുള്ള വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെന്നുവരാം. കുട്ടികളിലെ ആസ്‌ത്മ ഭക്ഷ്യ അലര്‍ജിയുടെ ലക്ഷണമാകാറുണ്ട്‌.

അനാഫെലാക്‌സിസ്‌ അപകടകരം

ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷ്യ അലര്‍ജി അപകടകരമായ അവസ്‌ഥയില്‍ എത്തിപ്പെടാം. അനാഫെലാക്‌സിസ്‌ എന്ന ഈ അവസ്‌ഥയില്‍ ദേഹം വീര്‍ത്ത്‌ തടിച്ച്‌ ശ്വാസം ലഭിക്കാതെ രക്‌തസമ്മര്‍ദം കുറഞ്ഞ്‌ രോഗി അത്യാസന്ന നിലയിലാകുന്നു. തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. അനാഫെലാക്‌സിസ്‌ ഉണ്ടായാല്‍ സംശയാസ്‌പദമായ ഭക്ഷ്യവസ്‌തു ഏതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഭാവിയില്‍ ആ ഭക്ഷ്യവസ്‌തുവിനെ ആഹാരത്തില്‍ നിന്ന്‌ കര്‍ശനമായും ഒഴിവാക്കണം.അലര്‍ജിയ്‌ക്കു കാരണമായ ഭക്ഷ്യവസ്‌തുക്കള്‍ തിരിച്ചറിഞ്ഞ്‌ അവ ഒഴിവാക്കുകയാണ്‌ ഭക്ഷ്യ അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗം. ശാരീരിക അസ്വസ്‌ഥതകള്‍ വര്‍ധിക്കുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും വേണം.