മൂക്കടപ്പും തുമ്മലും ചീറ്റലും മാത്രമല്ല അലര്‍ജി. പൊടിയും പുകയും തണുപ്പുമൊക്കെ മൂക്കിലെ അലര്‍ജിക്കു കാരണമായേക്കാം. അതോടൊപ്പം ബാഹ്യവസ്തുക്കളോടുള്ള ചര്‍മ്മത്തിന്റെ അലര്‍ജി ശരീരം ചൊറിഞ്ഞു തടിക്കാനുള്ള കാരണവുമാകും.
ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്.
ഫുഡ് അലര്‍ജി
ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത്തരം അലര്‍ജികളെ രണ്ടായി തരംതിരിക്കാം. ആഹാരം കഴിച്ചയുടന്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍, അലര്‍ജിക് റിയാക്ഷന്‍ കാണിക്കുന്നവയാണ് ആദ്യത്തേത്.
അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ സാവധാനം പ്രകടമാക്കുന്നതാണ് അടുത്തത്. ആരിലും എപ്പോള്‍ വേണമെങ്കിലും ഫുഡ് അലര്‍ജിയുണ്ടാകാം.
അലര്‍ജി ഭക്ഷണങ്ങള്‍
പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, സോയാപയര്‍ തുടങ്ങിയവ ഫുഡ് അലര്‍ജിയുണ്ടാക്കുന്നവയില്‍ മുന്‍പന്തിയിലാണ്. കോഴിയിറച്ചി, മാട്ടിറച്ചി, പന്നിയിറച്ചി, തുടങ്ങിയ മാംസാഹാരങ്ങളും ചെമ്മീന്‍, ഞണ്ട്, കടുക്ക തുടങ്ങിയവയും ശരീരത്തില്‍ അലര്‍ജിയുണ്ടാക്കും.
പശുവിന്‍ പാലിലുള്ള ആല്‍ഫാ എസ് 1 കേസീന്‍, ലാക്‌റ്റോ ഗ്ലോബുലിന്‍ എന്നിവയും അലര്‍ജിയിലേക്ക് നയിക്കും. എന്നാല്‍ ആട്ടിന്‍പാലില്‍ ഈ ഘടകങ്ങള്‍ കുറവായതിനാല്‍ അലര്‍ജിയ്ക്കുള്ള സാധ്യതയില്ല.
ഫുഡ് കളര്‍ വേണ്ട
ആഹാരത്തിനു നിറം നല്‍കാനുപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ അലര്‍ജിയുണ്ടാക്കും. ചുവന്ന നിറത്തിന് വേണ്ടി ആഹാരത്തില്‍ ചേര്‍ക്കുന്ന എറിത്രോസിന്‍, കാര്‍മോയ്‌സിന്‍ മഞ്ഞ നിറത്തിനായി ടാര്‍ടാസിന്‍, സണ്‍സെറ്റ് യെല്ലോ, പച്ച നിറം ലഭിക്കാന്‍ ഫാസ്റ്റ് ഗ്രീന്‍ തുടങ്ങിയവയൊക്കെ അനുവദനീയമാണെങ്കിലും അലര്‍ജിക്കു കാരണമാകും.
അജിനോ മോട്ടോ അലര്‍ജിയുണ്ടാക്കും. അച്ചാറുകളും മറ്റും കേടാവാതിരിക്കാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍ സോവയേറ്റ് പോലെയുള്ള മുന്‍കരുതലുകള്‍ എടുക്കണം.
ചൊറിച്ചില്‍ മുതല്‍
അലര്‍ജിയുടെ ലക്ഷണങ്ങള്‍ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്. ചുവന്ന മാംസത്തോടു അലര്‍ജിയുള്ളവര്‍ ബീഫ് കഴിച്ചാലുടന്‍ ശരീരം ചൊറിഞ്ഞു തടിക്കും. വായ്ക്കുള്ളിലും നാവിലും ചൊറിച്ചില്‍ അനുഭവപ്പെടും.
വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, മലത്തില്‍ രക്തം കാണുക തുടങ്ങിയവ ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങളാണ്.
ഗോതമ്പിലും മറ്റും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ എന്ന ഘടകത്തോടുള്ള ശരീരത്തിന്റെ അലര്‍ജിയെ തുടര്‍ന്ന് ശരീരം മെലിയല്‍, വിളര്‍ച്ച തുടങ്ങി പോക്ഷകാഹാരങ്ങളുടെ ലക്ഷണം പ്രത്യക്ഷപെടും.
അലര്‍ജി ഒഴിവാക്കാന്‍
- പച്ചക്കറികള്‍ വേവിച്ച് മാത്രം കഴിക്കുക.
- ഓറഞ്ച്,നാരങ്ങ,മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒഴിവാക്കുക.
- തോടുള്ള മത്സ്യങ്ങള്‍ ആഹാരത്തിലുള്‍പെടുത്തരുത്.
- കോള പോലെയുള്ള പാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
- കൃത്രിമ മധുരം ചേര്‍ത്ത ഐസ്‌ക്രീം, ചോക്ലേറ്റ്, കഫ് സിറപ്പ് തുടങ്ങിയവയും ഒഴിവാക്കണം.