അസാധാരണമായ അഭിനയം കൊണ്ട് തന്നെ കഴിവ് തെളിയിച്ച ബോളിവുഡ് താരമാണ് നീന ഗുപ്ത. തന്റെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതം അത്ര നല്ല രീതിയില്‍ അല്ലായിരുന്നുവെന്ന് തന്നെ പറയാം. താരം ഒരു സിംഗിള്‍ മദറാണ്. തന്റെ ഏക മകളെ അവര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. നീന ഗുപ്തയുടെയും വിവിയന്‍ റിച്ചാര്‍ഡിന്റെയും പ്രണയം ആരംഭിച്ചത് 1980-കളുടെ അവസാനത്തിലായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ടീം തുടര്‍ച്ചയായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ സമയമായിരുന്നു അത്. ടീമിന്റെ ക്യാപ്റ്റന്‍ ‘ലേഡീസ് മാന്‍’ എന്ന് അറിയപ്പെടുന്ന വിവിയന്‍ റിച്ചാര്‍ഡ്സ് ആയിരുന്നു. എന്നാല്‍ വിവിയന്‍ അക്കാലത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നു. മുംബൈയിലെ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് നീന ആദ്യമായി വിവിയനെ കണ്ടുമുട്ടിയതെന്നും അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ച ഒരു വിമാനത്താവളത്തില്‍ വച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലായത്. വൈകാതെ വിവിയന്റെ കുഞ്ഞിനെ നീന ഗര്‍ഭം ധരിച്ചു.
പക്ഷേ വിവാഹം എന്ന സാധ്യത ഇല്ലാതാകുകയായിരുന്നു. ഇത് നീനയുടെ ജീവിതത്തില്‍ തന്നെ വളരെ വലിയ വെല്ലുവിളിയാകുകയായിരുന്നു. പക്ഷേ വിവാഹം കഴിയ്ക്കാതെ ഒരു കുഞ്ഞിനെ പ്രസവിയ്ക്കുക എന്നത് നീനയെ സംബന്ധിച്ച് പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ 1989 നവംബര്‍ 2 ന്, നീന തന്റെ മകള്‍ മസാബ ഗുപ്തയ്ക്ക് ജന്മം നല്‍കി. ഒരിയ്ക്കല്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ നീന അവിവാഹിതയായി ഒരു കുട്ടിയുണ്ടായതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ”എനിക്ക് വിവാഹത്തിന് മുന്‍പ് ഒരു കുട്ടി ഉണ്ടായി. ഓരോ കുട്ടിക്കും മാതാപിതാക്കള്‍ രണ്ടുപേരും ആവശ്യമാണ്. ഞാന്‍ മസാബയോട് എപ്പോഴും സത്യസന്ധയായിരുന്നു, അതിനാല്‍ അത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. പക്ഷേ എന്റെ മകള്‍ വളരെയധികം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം.” – നീന തുറന്നു പറഞ്ഞു.
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനറാണ് മസാബ ഗുപ്ത. ഹൗസ് ഓഫ് മസാബ എന്ന പേരിലാണ് അവര്‍ തന്റെ ഡിസൈനര്‍ ബ്രാന്‍ഡ് നടത്തുന്നത്. 2015-ല്‍ ചലച്ചിത്ര നിര്‍മ്മാതാവ് മധു മണ്ടേനയെ മസാബ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ വിവാഹം ജീവിതം അധികകാലം നീണ്ടു നിന്നില്ല. ദമ്പതികള്‍ 2018-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും 2019-ല്‍ വിവാഹമോചനം നേടുകയും ചെയ്തു.