Featured The Origin Story

ചുണ്ടുകള്‍ തമ്മിലുള്ള ആദ്യചുംബനം 2.1 കോടി വര്‍ഷം മുമ്പ് ; ഓക്‌സ്‌ഫെഡ് ഗവേഷകര്‍ പറയുന്നു

ലണ്ടന്‍: മനുഷ്യന്‍ ഉടലെടുക്കും മുമ്പ് ചുംബനമുണ്ടായിരുന്നു. ഓക്‌സ്‌ഫെഡിലെ ഗവേഷകരാണു ചുംബന ചരിത്രം അന്വേഷിച്ചത്. ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം മനുഷ്യരുടെയും കുരങ്ങുകളുടെയും പൊതുവായ പൂര്‍വികര്‍ക്കിടയില്‍ സാധാരണയായിരുന്നത്രേ. 2.1 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണു ചുംബനം തുടങ്ങിയതെന്നാണു ഗവേഷകര്‍ കണക്കാക്കിയത്. 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച നിയാന്‍ഡര്‍ത്തല്‍ മനുഷ്യരും ചുംബിച്ചിരിക്കാം.

മനുഷ്യരും നിയാന്‍ഡര്‍ത്തലുകാരും പരസ്പരം ചുംബിച്ചിരിക്കാനും സാധ്യതയുണ്ട്. ചുംബനം പരിണാമപരമായ കാര്യമാണെന്നാണു അവര്‍ പറയുന്നത്. ചുംബനത്തിനു പ്രത്യക്ഷമായ അതിജീവനത്തിനോ പ്രത്യുത്പാദനത്തിനോ ഉള്ള ഗുണങ്ങളൊന്നും കാണുന്നില്ല. എന്നിട്ടും അതു മനുഷ്യ സമൂഹങ്ങളില്‍ മാത്രമല്ല, മൃഗലോകത്തും കാണപ്പെടുന്നു. അതോടെയാണു മൃഗചുംബനത്തിന്റെ രഹസ്യം ശാസ്ത്രജ്ഞര്‍ തേടിയത്. വിവിധ വര്‍ഗങ്ങളെ ചേര്‍ത്ത് ‘പരിണാമ കുടുംബവൃക്ഷം’ വരെ അവര്‍ നിര്‍മിച്ചു.

വിവിധ ജീവജാലങ്ങളില്‍ ഒരേ പെരുമാറ്റം താരതമ്യപ്പെടുത്താന്‍, ഗവേഷകര്‍ക്ക് ‘ചുംബനം’ എന്നതിന് നിര്‍വചനം നല്‍കേണ്ടിവന്നു. ‘ചുണ്ടുകളോ വായുടെ ഭാഗങ്ങളോ ചലിപ്പിക്കുന്നതും ഭക്ഷ്യ കൈമാറ്റം ഇല്ലാത്തതുമാണു ചുംബനം ‘എന്നാണ് ആദ്യ നിര്‍വചനം.

‘മനുഷ്യര്‍, ചിമ്പന്‍സികള്‍, ബോണോബോകള്‍ എന്നിവയെല്ലാം ചുംബിക്കുന്നു. ഇതില്‍നിന്ന്, അവരുടെ ഏറ്റവും പുതിയ പൊതുവായ പൂര്‍വികന്‍ ചുംബിച്ചിരിക്കാന്‍ സാധ്യതയുണ്ട്’ – ഓക്‌സ്‌ഫെഡ് സര്‍വകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞയായ ഡോ. മെറ്റില്‍ഡ ബ്രിന്‍ഡില്‍ പറഞ്ഞു.
‘ഇവല്യൂഷന്‍ ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍’ എന്ന ജേണലില്‍ അവര്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നായകള്‍, ധ്രുവക്കരടികള്‍ തുടങ്ങി ആല്‍ബട്രോസുകളില്‍ പോലും ശാസ്ത്രീയ നിര്‍വചനത്തിന് അനുയോജ്യമായ പെരുമാറ്റം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

മനുഷ്യന്റെ ചുംബനത്തിന്റെ ഉത്ഭവത്തിന്റെ പരിണാമ ചിത്രം നിര്‍മിക്കാന്‍ അവര്‍ പ്രധാനമായും കുരങ്ങുകളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. പങ്കാളിയുടെ ആരോഗ്യത്തെയും അനുയോജ്യതയെയും വിലയിരുത്താനുള്ള മാര്‍ഗമായിട്ടാകാം അതു തുടങ്ങിയത്.
‘ചുംബനത്തിനു മനുഷ്യരില്‍ പ്രണയപരമായ ബന്ധമുണ്ടെന്ന് പറഞ്ഞ് ഇതിനെ നിസാരമായി തള്ളിക്കളയരുത്, പകരം ഈ പെരുമാറ്റം നമ്മള്‍ പഠിക്കണം.’- ഡോ. മെറ്റില്‍ഡ പറഞ്ഞു