വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത നിലവാരത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
സന്തുഷ്ടതയുടെ കാര്യത്തിൽ ആദ്യ 10-ൽ ഇടം നേടാതെ പോയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് റാങ്കിംഗിൽ 24-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷം, 2012-ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആദ്യ 20-ൽ നിന്ന് പുറത്തായത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 53% ആണ് വർദ്ധിച്ചത്.
ആരോഗ്യത്തിനും സമ്പത്തിനും അപ്പുറം, സന്തോഷത്തെ സ്വാധീനിക്കുന്ന ചില ലളിതമായ ഘടങ്ങളുമുണ്ടെന്ന് ഗവേഷകർ പറയുന്നു. മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുക, സാമൂഹിക പിന്തുണയ്‌ക്കായി ആരെയെങ്കിലും ആശ്രയിക്കുക, വീടിന്റെ വലിപ്പം തുടങ്ങിയ ഘടകങ്ങൾ എല്ലാം സന്തോഷത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു മെക്‌സിക്കോയിലും യൂറോപ്പിലും നാലോ അഞ്ചോ പേരുള്ള ഒരു വീടിന്റെ വലിപ്പം ഏറ്റവും ഉയർന്ന സന്തോഷകരമായ ജീവിതത്തെയാണ് സൂചിപ്പിക്കുന്നതെന്ന്, പഠനങ്ങൾ പറയുന്നു.
ഏറ്റവും പുതിയ കണ്ടെത്തലുകൾ അനുസരിച്ച്, മറ്റുള്ളവരുടെ ദയാലുത്വത്തിൽ വിശ്വസിക്കുന്നതും സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, നഷ്ടപ്പെട്ട വാലറ്റ് തനിക്ക് മറ്റുള്ളവർ നൽകാൻ തയാറാകുമെന്ന വിശ്വാസം ഒരു ജനസംഖ്യയുടെ മൊത്തത്തിലുള്ള സന്തോഷത്തിന്റെ ശക്തമായ പ്രവചനമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ നഷ്ടപ്പെട്ട വാലറ്റുകളുടെ പ്രതീക്ഷിതവും യഥാർത്ഥവുമായ തിരിച്ചുവരവിന് ഏറ്റവും മികച്ച സ്ഥലങ്ങളിൽ നോർഡിക് രാജ്യങ്ങൾ മുൻപന്തിയിൽ നിൽക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
ആദ്യ 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം പുലർത്തുമ്പോൾ, ചില എതിർപ്പുകളും നിലനിന്നിരുന്നു. ഹമാസുമായുള്ള യുദ്ധത്തിനിടയിലും ഇസ്രായേൽ എട്ടാം സ്ഥാനത്തെത്തി. കോസ്റ്ററിക്ക ആറിലും മെക്സിക്കോ പത്താം സ്ഥാനത്തും ഇടംപിടിച്ചു. 23-ആം സ്ഥാനത്തുള്ള യുണൈറ്റഡ് കിംഗ്ഡത്തിനു, 2017 ശേഷമുള്ള ഏറ്റവും കുറഞ്ഞ സന്തുഷ്ടതയാണ് രേഖപെടുത്തിയിരിക്കുന്നത്.
അതേസമയം ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി അഫ്ഗാനിസ്ഥാൻ വീണ്ടും റാങ്ക് ചെയ്യപ്പെട്ടു. തങ്ങളുടെ ജീവിതം വളരെ ദുഷ്‌കരമാണെന്നാണ് അഫ്ഗാൻ സ്ത്രീകൾ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയറ ലിയോൺ ആണ് രണ്ടാമത്തെ അസന്തുഷ്ട രാജ്യം. ലെബനൻ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.
ലോകമെമ്പാടുമുള്ള 19% യുവാക്കളും 2023-ൽ സാമൂഹിക പിന്തുണയ്‌ക്കായി തങ്ങൾക്ക് ആരുമില്ലെന്നാണ് റിപ്പോർട്ട് ചെയ്തതെന്ന് പഠനം വെളിപ്പെടുത്തി. 2006നെ അപേക്ഷിച്ച് 39 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. 2022 മുതൽ 2024 വരെയുള്ള ശരാശരി ജീവിത മൂല്യനിർണ്ണയങ്ങൾ അനുസരിചച്ചാണ് എല്ലാ രാജ്യങ്ങളും റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.