തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗബാധ പടരാതിരിക്കാന്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്.
2030ഓടെ ബാക്‌ടീരിയല്‍ മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ആരംഭിച്ച വാക്‌സിനേഷന്‍, ബോധവല്‍ക്കരണം പോലുള്ള നടപടികളിലൂടെ രോഗബാധ 50 ശതമാനവും മരണസംഖ്യ 70 ശതമാനവും കുറയ്‌ക്കാനാകുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായി ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറക്‌ടര്‍ ഓഫ് പീഡിയാട്രിക്‌സും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി പറഞ്ഞു.
ആഗോളതലത്തില്‍ ഓരോ വര്‍ഷവും 25 ലക്ഷത്തിലധികം മെനിഞ്ചൈറ്റിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ രോഗത്തിന് ഇരയാകുന്നവരില്‍ ഏകദേശം 70 ശതമാനം പേരും അഞ്ചു വയസിന് താഴെയുള്ള കുട്ടികളാണെന്ന് പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. മസ്‌തിഷ്‌ക ജ്വരം എന്ന പേരിലും അറിയപ്പെടുന്ന മെനിഞ്ചൈറ്റിസ് തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള പാളിയുടെ വീക്കമാണ്. ഇത് സാധാരണയായി ബാക്‌ടീരിയ, ഫംഗസ് അല്ലെങ്കില്‍ വൈറല്‍ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പനി, ആശയക്കുഴപ്പം, തലവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്‍.
എന്താണ് വൈറൽ മെനിഞ്ചൈറ്റിസ്?
മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. മെനിഞ്ചൈറ്റിസ് സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറൽ അല്ലെങ്കിൽ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാൻ വാക്സിനുകൾക്ക് കഴിയും.
എങ്ങനെ തടയാം?
1. കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ഡയപ്പറുകൾ മാറ്റിയതിനുശേഷം അല്ലെങ്കിൽ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം.
2. രോഗികളായ ആളുകളുമായി സ്പർശിക്കുക, ഹസ്തദാന ചെയ്യുന്നത് എന്നിവ ഒഴിവാക്കുക.
3. പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
4. അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
5. കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും കടി ഒഴിവാക്കുക.




