Healthy Food

ചൂടിന് ആശ്വാസം, ഒപ്പം നിരവധി ആരോഗ്യഗുണങ്ങളും ; കരിമ്പിന്‍ ജ്യൂസിലൂടെ ലഭിയ്ക്കുന്നത്

വേനല്‍ കൂടി കൂടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്്ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വെള്ളം കുടിയ്ക്കുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ജ്യൂസും നമ്മള്‍ കുടിയ്ക്കാറുണ്ട്. ദാഹം ശമിപ്പിയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണം കൂടി നല്‍കുന്ന ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്. ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ഇനി പറയുന്ന ചില ഗുണങ്ങള്‍ കൂടി ശരീരത്തിന് ലഭിയ്ക്കും. അവ എന്തൊക്കെയാണെന്ന് അറിയാം….

  • പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും – നിത്യവും കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നവരുടെ പ്രതിരോധ സംവിധാനം ശക്തിയുള്ളതായിരിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമാണ് പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്നത്. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കും.
  • മഞ്ഞപ്പിത്തം അകറ്റാം – ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പ്രകാരം കഫ ദോഷം കുറയ്ക്കുന്ന പ്രകൃതിദത്ത കൂളന്റ് ആണ് കരിമ്പ്. ഇത് കരളിനെ ശക്തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ അകറ്റും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ കരിമ്പിന്‍ ജ്യൂസ് കരളിനെ അണുബാധകളില്‍ നിന്ന് സംരക്ഷിച്ച് ബിലിറൂബിന്‍ തോതും നിയന്ത്രണത്തില്‍ നിര്‍ത്തും. എന്തെങ്കിലും രോഗങ്ങള്‍ മൂലം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന പ്രോട്ടീനും പോഷണങ്ങളും വീണ്ടും നിറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.
  • എല്ലുകളെ ശക്തിപ്പെടുത്തും – കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, അയണ്‍, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പിന്‍ ജ്യൂസ്. ഇത് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. അതേസമയം ശരീരത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ പാടുള്ളൂ.
  • ദഹനം മെച്ചപ്പെടുത്തും – ദഹന സംവിധാനത്തെ ശക്തിപ്പെടുത്തി വയറിലെ അണുബാധകളെയും കരിമ്പിന്‍ ജ്യൂസ് അകറ്റി നിര്‍ത്തുന്നു. മലബന്ധമുള്ളവര്‍ക്കും ഇത് ഉത്തമമമാണ്.
  • മൂത്രനാളിയിലെ അണുബാധയ്ക്കും ഉത്തമം – ഡൈയൂറെറ്റിക്കായ കരിമ്പിന്‍ ജ്യൂസ് ശരീരത്തില്‍ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യുന്നു. ഇത് ഇടയ്ക്കിടെ കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധകളെയും മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ പോലുള്ള പ്രശ്നങ്ങളെയും നിയന്ത്രിക്കുന്നു. കൊളസ്ട്രോളും സാച്ചുറേറ്റഡ് കൊഴുപ്പും ഇല്ലാത്തതും സോഡിയം കുറഞ്ഞതുമായ കരിമ്പിന്‍ ജ്യൂസ് നീര്‍ക്കെട്ട് കുറച്ച് വൃക്കകളെയും സംരക്ഷിക്കുന്നു.
  • പനി മൂലമുള്ള ചുഴലി രോഗത്തിനും ആശ്വാസം – കുട്ടികളില്‍ ശരീരതാപനില കൂടുമ്പോള്‍ ഉണ്ടാകുന്ന ഫെബ്രൈല്‍ സീഷര്‍ എന്ന ചുഴലി രോഗത്തിനും കരിമ്പിന്‍ ജ്യൂസ് പ്രതിവിധിയാണ്.