‘ചിത്രം വരയ്ക്കുക’ എന്ന് കേള്‍ക്കാറുണ്ടെങ്കിലും ‘ചിത്രം നട്ടുവളര്‍ത്തുക’ എന്ന് കേട്ടിട്ടുണ്ടോ? ചിത്രകാരി അല്‍മുഡേണ റോമേറോയ്ക്ക് പടം വരയ്ക്കാനല്ല പടം നട്ടുപിടിപ്പിക്കാനാണ് ഇഷ്ടം. വളരെ ചെറിയപ്രായം മുതല്‍ക്ക് റൊമേറോയ്ക്ക് ഏറെയിഷ്ടമുള്ള രണ്ടു കാര്യങ്ങള്‍ ചെടി വളര്‍ത്തലും ചിത്രം വരയ്ക്കലുമാണ്. അതുകൊണ്ടാണ് അഞ്ചാമത്തെയോ ആറാമത്തേയോ പിറന്നാളിന് മുത്തശ്ശി എന്തുസമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒലിവ് തൈ മതിയെന്ന് മറുപടി നല്‍കിയത്.
സസ്യപ്രേമവും ചിത്രകലയും സമ്മേളിപ്പിച്ച ഇനമാണ് പരീക്ഷണം.
ലണ്ടനിലെ സാച്ചി ഗാലറിയും പാരീസിലെ ആല്‍ബര്‍ട്ട് ഖാന്‍ മ്യൂസിയത്തിലെയും തന്റെ എക്സിബിഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവരുടെ അതുല്യമായ സസ്യാധിഷ്ഠിത കലയാണ്. അത് പ്രേക്ഷകരെ അവരുടെ ഹൈപ്പര്‍-കണ്‍സ്യൂമറിസത്തെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഒരു പരിസ്ഥിതി സൗഹൃദ രീതി കൊണ്ട് കലയെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്നു. മികച്ച ഫോട്ടോഗ്രാഫറായ അവര്‍ ഫോട്ടോഗ്രാഫിക് പേപ്പറില്‍ ഫോട്ടോകള്‍ വികസിപ്പിക്കുന്നതിനുപകരം അവയെ സസ്യങ്ങളില്‍ നേരിട്ട് പ്രിന്റ് ചെയ്യുന്നു.
ഇലയുടെ മുകളില്‍ ഒരു നെഗറ്റീവ് ഇട്ടു സൂര്യപ്രകാശത്തില്‍ വിടുന്നതോടെ ചിത്രം ഇലയില്‍ പതിയുന്നതാണ് ടെക്നിക്ക്. ഇപ്പോള്‍ ഒരു ഡിജിറ്റല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് ജീവനുള്ള സസ്യങ്ങളിലും പ്രിന്റ് ചെയ്യുന്നു. ”പ്ലാന്റ് പ്രൊജക്ടറില്‍ നിന്നുള്ള പ്രകാശം ഉപയോഗിച്ച് ഫോട്ടോസിന്തസിസ് നടത്തുകയും ഒരു ചിത്രം രേഖപ്പെടുത്തുകയും ചെയ്യുന്നു.” റോമേറോ പറയുന്നു. ‘ദി പിഗ്മെന്റ് ചേഞ്ച്’ എന്ന് വിളിക്കപ്പെടുന്ന അവളുടെ നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയില്‍ തന്റെ ചിത്രകലാരീതിയെക്കുറിച്ച് റൊമേറോ വിശകലനം ചെയ്യുന്നുണ്ട്.
‘ഫാമിലി ആല്‍ബം’ ഒരു അധ്യായത്തില്‍ തഴുതാമ വിത്തുകളില്‍ ചിത്രം പതിപ്പിക്കുന്ന രീതി വിവരിക്കുന്നുണ്ട്. അവ വിതറിയ ശേഷം ഒരു നെഗറ്റീവ് പ്രൊജക്ട് ചെയ്ത് ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ കുറേഭാഗം ഇരുട്ടില്‍ വളരാന്‍ അനുവദിക്കും. കൂടുതല്‍ പ്രകാശം ലഭിക്കുന്ന ഭാഗങ്ങളില്‍ ക്ലോറോഫില്‍ ഉത്പാദിപ്പിക്കുന്നു, അതിനാല്‍ ഇരുണ്ട പച്ച ടോണുകള്‍ ആഭാഗത്ത് വരും. കുറഞ്ഞ പ്രകാശം ലഭിക്കുന്ന ഭാഗങ്ങള്‍ മഞ്ഞച്ചും ഇളം നിറത്തിലും കാണപ്പെടും. അങ്ങനെയാണ് താന്‍ ചെടികളില്‍ ഫോട്ടോഗ്രാഫുകള്‍ വളര്‍ത്തുന്നതെന്ന് ഇവര്‍ പറയുന്നു.
മാഡ്രിഡില്‍ വളര്‍ന്ന റൊമേറോ, കിഴക്കന്‍ സ്പെയിനിലെ വലന്‍സിയയിലെ മുത്തശ്ശിമാരുടെ അവോക്കാഡോ ഫാമില്‍ അവധിക്കാലം ചെലവഴിക്കാറുണ്ടായിരുന്നു. ശുദ്ധവായു ശ്വസിക്കുകയും, പഴങ്ങള്‍ പറിക്കുകയും, അവളുടെ രൂപീകരണ വര്‍ഷങ്ങളില്‍ അവളുടെ മുത്തശ്ശിയില്‍ നിന്ന് സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു. അതാണ് അവളിലേക്ക് പരിസ്ഥിതി സ്നേഹത്തെ സന്നിവേശിപ്പിച്ചത്.
ഇപ്പോള്‍, റൊമേറോ ഫ്രാന്‍സിലെ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചര്‍, ഫുഡ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കമ്മീഷന്‍ ചെയ്തിരിക്കുന്ന ഒരു ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്റ്റേഡിയത്തേക്കാള്‍ വലിപ്പമുള്ള ചിത്രം ജൂണ്‍ 2025-ഓടെ പൂര്‍ത്തിയാകും. റൊമേറോയെ സംബന്ധിച്ചിടത്തോളം, ഈ കലാ-ശാസ്ത്ര പ്രോജക്റ്റ് മണ്ണും സസ്യങ്ങളുമായുള്ള മനുഷ്യബന്ധം, പരിസ്ഥിതിയില്‍ നമ്മുടെ സ്വാധീനം, പ്രകൃതിയുമായുള്ള നമ്മുടെ പരസ്പരാശ്രിതത്വം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്.
