Sports

ലോകകപ്പ് ടീമിലെടുത്തു, കളിപ്പിച്ചില്ല ; സിംബാബ്‌വേ പര്യടനത്തിനു കൊണ്ടുപോയില്ല; ചഹല്‍ ശ്രീലങ്കയിലേക്കുമില്ല

ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു..

ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ ഉള്‍പ്പെടുത്തിയില്ല. ഈ ഒഴിവാക്കല്‍ ചാഹലിന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാനത്തെ കൂടി സൂചിപ്പിക്കുകയാണ്. കാരണം ബിസിസിഐയുടെ പദ്ധതികളില്‍ ഇനി അദ്ദേഹത്തെ ചിലപ്പോള്‍ പരിഗണിക്കാനുള്ള സാധ്യത കൂടി അവസാനിക്കുകയാണ്.

ഐപിഎല്‍ 2024 ലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം, ചാഹലിനെ അടുത്തിടെ നടന്ന ടി 20 ലോകകപ്പിലേക്ക് തിരഞ്ഞെടുത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ലോകകപ്പില്‍ അവസരം ലഭിക്കാത്ത കളിക്കാര്‍ക്ക് സിംബാബ്‌വേ പരമ്പരയില്‍ അവസരം ലഭിച്ചു. ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍, റിങ്കു സിംഗ് എന്നിവരെല്ലാം ഹരാരെയില്‍ 5 മത്സര പരമ്പര കളിച്ചപ്പോഴും യുസ്വേന്ദ്ര ചാഹലിനെ അവഗണിച്ചു. പകരം രവി ബിഷ്ണോയിയെ പര്യടനത്തിനായി തിരഞ്ഞെടുത്തു.

അടുത്തിടെ നടന്ന ഏകദിന, ടി20 പ്ലാനുകളില്‍ യുസ്വേന്ദ്ര ചാഹലിനെ ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം അവര്‍ കുല്‍ദീപ് യാദവിനെ തിരഞ്ഞെടുത്തു. രവി ബിഷ്ണോയിയെപ്പോലുള്ള യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലാണ് ബിസിസിഐയുടെ ശ്രദ്ധ. നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ ഇന്ത്യ കുല്‍ദീപ് യാദവിന് പുറമോ രവി ബിഷ്ണോയ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ഉള്‍പ്പെടുത്തി.

യൂസി ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ട് ഒരു വര്‍ഷത്തോളമാകുന്നു. 2023 ഓഗസ്റ്റ് 13 ന് ലോഡര്‍ഹില്ലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഐയിലാണ് ഇന്ത്യയ്ക്കായി അദ്ദേഹത്തിന്റെ അവസാനം കളിച്ചത്. 2016ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍, ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ചാഹല്‍. 80 മത്സരങ്ങളില്‍ നിന്ന് 8.19 ഇക്കോണമി റേറ്റില്‍ 96 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍, 72 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 5.26 ഇക്കോണമി റേറ്റില്‍ 121 വിക്കറ്റ് വീഴ്ത്തി.