വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ പരസ്യമാണ്. എവിടെയാണെന്നും, എന്ത് ചെയ്യുകയാണെന്നും അങ്ങനെ പലതും ഇന്ന് പലരും സോഷ്യല്‍ മീഡിയയിലാണ് പങ്കുവെയ്ക്കുന്നത്. നിങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിന് പകരം മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിലൂടെയും നിങ്ങളുടെ കാര്യങ്ങള്‍ പലരും അറിയാന്‍ വഴിയുണ്ട്.
ഓഫീസില്‍ കള്ളം പറഞ്ഞ് ലീവെടുത്ത് ട്രിപ്പ് പോയി പണി കിട്ടിയ ആളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈറല്‍ റീല്‍ മറ്റൊരാള്‍ക്ക് പണിയായി മാറിയതാണ് പോസ്റ്റില്‍ കാണുന്നത്. ജോലിത്തിരക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ വയറുവേദനയാണെന്ന് കള്ളം പറഞ്ഞ് ലീവെടുത്ത് കൂര്‍ഗിലേക്ക് ട്രിപ്പ് പോയ ജീവനക്കാരന്റെ കള്ളത്തരമാണ് മറ്റൊരാളുടെ വൈറല്‍ റീലില്‍ നിന്നും പൊളിഞ്ഞത്.
വെള്ളിയാഴ്ച ലീവ് എടുക്കാനായി ഈ ജീവനക്കാരന്‍ തന്റെ മാനേജരോട് വയറുവേദനയാണെന്ന് കള്ളം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ട്രിപ്പിന്റെ ഒരു റീല്‍ അദ്ദേഹത്തിന്റെ കള്ളത്തരം പൊളിച്ചു. ഹോംസ്റ്റേയില്‍ നിന്നുള്ള ഒരു നൃത്തത്തിന്റെ വീഡിയോയില്‍ ഈ ജീവനക്കാരനും ഉള്‍പ്പെട്ടതാണ് പണിയായത്. 13,000 ലൈക്കുകള്‍ നേടിയ വീഡിയോ അദ്ദേഹത്തിന്റെ മാനേജരും കണ്ടതോടെ ജീവനക്കാരന്റെ കള്ളത്തരം പൊളിഞ്ഞു.
തിങ്കളാഴ്ച മാനേജര്‍ ഈ വൈറല്‍ വീഡിയോ ജീവനക്കാരന് അയച്ചുകൊടുത്തു. കൂടെ ഒരു സന്ദേശവും. ‘നിങ്ങളുടെ വയറിന് ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, – എന്നായിരുന്നു ആ സന്ദേശം. റെഡ്ഡിറ്റിലൂടെ ജീവനക്കാരന്‍ തന്നെയാണ് തന്റെ ഈ അനുഭവം പങ്കുവെച്ചത്. ഈ സംഭവത്തിനുശേഷം സത്യസന്ധതയില്ലായ്മ ആരോപിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ റിക്വസ്റ്റും മാനേജര്‍ നിരസിച്ചുവെന്ന് പോസ്റ്റില്‍ പറയുന്നു.




