Oddly News

ഇവര്‍ മൃതദേഹം കുഴിയില്‍നിന്നും പുറത്തെടുക്കും; വൃത്തിയാക്കി പുതിയ വസ്ത്രമുടുപ്പിച്ച് കൊണ്ടുനടക്കും, ചുണ്ടത്ത് കത്തിച്ച സിഗററ്റ് വയ്ക്കും !

പ്രേതമായും പുനര്‍ജ്ജന്മമായും ലോകകത്ത് ആത്മാക്കള്‍ക്ക് പ്രാമുഖ്യം വരുന്ന അനേകം വിശ്വാസങ്ങളും ആത്മീയതകളുമുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ നിന്നും പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും മറവുചെയ്യുന്ന ടൊജാരന്‍ ഗോത്രവര്‍ഗ്ഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പൂര്‍വ്വികരുടെ മൃതദേഹം പരിപാലിച്ചാല്‍ അവരുടെ ആത്മാക്കള്‍ ഭാഗ്യം കൊണ്ടുവരുമെന്നും അനന്തര തലമുറ സമ്പത്തിലും ധനികരായും ജീവിക്കാന്‍ വിധി വരുത്തുമെന്നും വിശ്വസിക്കുന്ന ഇവരുടെ വിചിത്രാചാരം കൗതുകമുണര്‍ത്തുന്നതാണ്.

ഒരു ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ഗോത്രവര്‍ഗ്ഗക്കാര്‍ വിചിത്രമായ ഒരു ചടങ്ങില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്തതിന്റെ ദൃശ്യങ്ങള്‍ സൗത്ത് ചൈനാ മോര്‍ണിംഗ് ദിനപ്പത്രം പുറത്തുവിട്ടു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് ടൊരാജന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഈ വിചിത്രരീതികള്‍. ദീര്‍ഘകാലം മുമ്പ് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശവക്കുഴിമാന്തി പുറത്തെടുക്കുകയും മൃതദേഹം വൃത്തിയാക്കി പുതിയ വസ്ത്രം ധരിപ്പിച്ച് ഗ്രാമത്തിലൂടെ ചുറ്റിനടത്തും. ചിലര്‍ മൃതദേഹങ്ങളുടെ ചുണ്ടത്ത് കത്തിച്ച സിഗററ്റ് പോലും വെയ്ക്കാറുണ്ട്.

‘മനേനെ’ അല്ലെങ്കില്‍ ‘ശവശരീരങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ചടങ്ങ്’ എന്നറിയപ്പെടുന്ന ആചാരം ഏതാനും വര്‍ഷം കൂടുമ്പോള്‍ ഓഗസ്റ്റ് അവസാനമായിട്ടാണ് ആചരിക്കുന്നത്. മമ്മി ചെയ്ത മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ നിന്നും പുറത്തെടുക്കാന്‍ ഈ ദിവസം കുടുംബാംഗങ്ങള്‍ ഒത്തുകൂടും. വംശപരമ്പര നിലനില്‍ക്കാനും തുടര്‍ച്ചയുണ്ടാകാനും ഐശ്വര്യത്തിലും സമ്പല്‍സമൃദ്ധിയിലും കഴിയാനും വേണ്ടി ആത്മാക്കളുടെ അനുഗ്രഹം തേടുന്നതാണ് ചടങ്ങ്. 40 വര്‍ഷത്തിനിടെ ആദ്യമായി വടക്കന്‍ ഗ്രാമം ഈ പാരമ്പര്യം ഈവര്‍ഷം നടപ്പിലാക്കി. ഒരു പാറക്കെട്ടിന്റെ വശത്ത് കുഴിച്ചിട്ട ഗുഹകളില്‍ നിന്ന് മരിച്ച നൂറുകണക്കിന് ബന്ധുക്കളുടെ മൃതദേഹങ്ങള്‍ ഇവര്‍ ആദ്യം പുറത്തെടുത്തു. അതിന് ശേഷം മൃതദേഹങ്ങള്‍ ഗ്രാമത്തിലെത്തിച്ചു രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് മൃതദേഹങ്ങള്‍ വൃത്തിയാക്കി.

പൂര്‍വ്വികരുടെ ആത്മാക്കളുമായി ബന്ധം പുലര്‍ത്തുന്നതിന് വേണ്ടിയും മരിച്ച മാതാപിതാക്കളോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമായി കൂടിയാണ് അവര്‍ ഇതിനെ എടുക്കുന്നത്. മൃതദേഹങ്ങള്‍ ഫോര്‍മാല്‍ഡിഹൈഡ് ലായനി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. അടുത്ത ചടങ്ങ് വരെ മൃതദേഹങ്ങള്‍ അതിവേഗം അഴുകുന്നത് തടയാന്‍ വേണ്ടിയാണ് ഇത്. ഇതിനൊപ്പം ശവപ്പെട്ടികള്‍ നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തിരികെ ശവക്കുഴികളില്‍ കൊണ്ടുപോയി വീണ്ടും അടക്കം ചെയ്യും.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു കഥയില്‍ നിന്നാണ് ഈ പാരമ്പര്യം വരുന്നത്. പണ്ട്, പോങ് റുമാസെക് എന്ന ഒരു വേട്ടക്കാരന്‍ തോറാജയിലെ കുന്നുകളില്‍ ചുറ്റിനടന്നപ്പോള്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ശവശരീരം കണ്ടു. അയാള്‍ അത് വസ്ത്രത്തില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു. ഇത് സംഭവിച്ചതിന് തൊട്ടുപിന്നാലെ, അവന്‍ ആജീവനാന്ത ഭാഗ്യവും സമ്പത്തും അദ്ദേഹത്തിനുണ്ടായി. അന്നുമുതല്‍, തങ്ങളുടെ പൂര്‍വ്വികരെ നന്നായി പരിപാലിക്കുന്നവര്‍ക്ക് ആത്മാക്കള്‍ പ്രതിഫലം നല്‍കുമെന്ന വിശ്വാസം ടോരാജന്മാര്‍ക്കിടയിലുണ്ടായി.

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വസിക്കുന്ന ഒരു ദശലക്ഷത്തോളം അംഗങ്ങളുള്ള ഒരു വംശീയ വിഭാഗമാണ് ടൊരാജന്‍ ഗോത്രം. ടൊരാജന്‍ സമൂഹം മരണത്തെ പെട്ടെന്നുള്ള ഒരു അവസാനമായിട്ടല്ല, മറിച്ച് ക്രമാനുഗതമായ ഒരു പരിവര്‍ത്തനമായാണ് കാണുന്നത്. കുടുംബത്തിന് വിപുലമായ ഒരു ശവസംസ്‌കാരം താങ്ങാന്‍ കഴിയുന്നതുവരെ മരിച്ചവരെ കേവലം ‘രോഗികള്‍’ അല്ലെങ്കില്‍ ‘ഉറക്കം’ ആയി വീട്ടില്‍ തന്നെ പരിപാലിക്കുന്ന രീതിയുമുണ്ട്. വലിയ ചെലവുകള്‍ വരുന്ന രീതിയിലാണ് സംസ്‌ക്കാരചടങ്ങ്. പലപ്പോഴും നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും നൂറുകണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു.

തോറാജ സംസ്‌കാരത്തില്‍ വളരെയധികം വിലമതിക്കുന്ന പോത്തുകളെ ചടങ്ങുകളുടെ ഭാഗമായി വന്‍തോതില്‍ ബലിയര്‍പ്പിക്കുന്നു, മരിച്ചയാളെ മരണാനന്തര ജീവിതത്തിലേക്ക് കൊണ്ടുപോകാന്‍ ബലിയാക്കപ്പെട്ട പോത്തുകളുടെ ആത്മാക്കള്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതല്‍ എരുമകളെ ബലിയര്‍പ്പിക്കുന്തോറും മരണാനന്തര ജീവിതത്തില്‍ മരിച്ചയാള്‍ ദൈവത്തോട് കൂടുതല്‍ അടുത്തു ചെല്ലും.