Oddly News

ആ രാജ്യത്ത് ഈ രണ്ടു ഭക്ഷണം കഴിച്ചാല്‍ രാജ്യദ്രോഹം, പിടിച്ച് ജയിലില്‍ അടയ്ക്കും!.

ഉത്തരകൊറിയക്കാര്‍ ഹോട്ട്‌ഡോഗ്, ബുഡേ ജിഗേ മുതലായവ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. ഈ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതും തെരുവുകളില്‍ വില്‍ക്കുന്നതും രാജ്യ ദ്രോഹമായിയാണ് കണക്കാക്കപ്പെടുന്നത്. ഈ കുറ്റത്തിന് ആരെയെങ്കിലും പിടിച്ചാല്‍ അവരെ ലേബര്‍ ക്യാംപുകളിലേക്ക് അയയ്ക്കും. പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടന്നുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ കടകളില്‍ ഹോട്ട് ഡോഗ്, ജിഗേ തുടങ്ങിയവ വില്‍ക്കുന്നത് നിര്‍ത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുപോലെ ദക്ഷിണകൊറിയന്‍ ഭക്ഷണമായ സ്‌പൈസി റൈസ് കേക്കുകള്‍ക്കും സമാനമായ രീതിയില്‍ നിരോധനം ഉണ്ടായിരുന്നു. ബുഡേ ജിഗേ ആര്‍മി സ്റ്റ്യു , ആര്‍മി ബേസ് സ്റ്റ്യു എന്നീ പേരുകളിലും അറിയപ്പെടുന്നു. കൊറിയന്‍ യുദ്ധകാലത്ത് ഉടലെടുത്ത ഈ വിഭവം ഹാം, ഹോട്ട് ഡോഗ്‌സ് , ഗോചുജുങ്,സ്പാം, ബേക്ക്ഡ് ബീൻസ്, കിമ്മി, ഇൻസ്റ്റന്റ് നൂഡിൽസ്, അമേരിക്കന്‍ ചീസ് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അമേരിക്കന്‍ സൈനികര്‍ കൊറിയയിലേക്ക് കൊണ്ടുവന്ന സ്പാം, ഹോട്ട് ഡോഗ് പോലുള്ള ചേരുവകളുടെയും കിംചി, റാമെന്‍ തുടങ്ങിയ പരമ്പരാഗത കൊറിയന്‍വിഭവങ്ങളുടെയും മിശ്രതമാണ് ഇത്.

ദക്ഷിണകൊറിയയുടെ ദാരിദ്ര സമയത്ത് ഈ വിഭവം ഉണ്ടായതെങ്കിലും ദക്ഷിണ കൊറിയയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കിടയിലും അതിനുശേഷവും ഇത് സ്ഥിരമായി ജനപ്രിയമായി തുടരുന്നു. ഇതിന് വിലക്കുറവാണെന്നുള്ളതും ആളുകള്‍ ഈ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള കാരണമാണ്.2016 ല്‍ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്ത 200000 ചൈനീസ് വിനോദസഞ്ചാരികളില്‍ കൊറിയ ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും മികച്ച ഭക്ഷണമായി തിരഞ്ഞെടുത്തത് ബുഡേ ജിഗേയാണ്.