രാജസ്ഥാനിലെ ജയ്പൂരിലെ അജ്മീർ റോഡിലെ എലിവേറ്റഡ് റോഡില്‍ ഡ്രൈവറില്ലാ കാറിന് തീപിടിച്ചു. തിരക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രക്കാര്‍ ബൈക്കില്‍നിന്നറിങ്ങി ഈ കാഴ്ച കാണുന്നതിനിടയില്‍ വാഹനം തനിയെ മുന്നോട്ടു കുതിച്ചു. തങ്ങള്‍ക്കുനേരേ പാഞ്ഞുവരുന്ന കാറിനു മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്കുകളുമെടുത്തുകൊണ്ട് ഓടിമാറുന്ന യാത്രക്കാര്‍. അവസാനം കത്തുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിച്ചു നിന്നതോടെ അനിശ്ചിതത്വം അവസാനിച്ചു, ഭാഗ്യവശാൽ, കനത്ത ട്രാഫിക്കുണ്ടായിട്ടും ആർക്കും പരിക്കില്ല.
സംഭവത്തിന് തൊട്ടുപിന്നാലെ, തീ പടിച്ച വാഹനം പാഞ്ഞുവരുന്നത് കണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ ബൈക്ക് എടുത്തുകൊണ്ട് പിരിഭ്രാന്തിയില്‍ രക്ഷപ്പെുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച്, മാനസരോവറിലെ ജേണലിസ്റ്റ് കോളനിയിലെ ദിവ്യ ദർശൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ ജിതേന്ദ്ര ജംഗിദാണ് കാർ ഓടിച്ചിരുന്നത്. എലിവേറ്റഡ് റോഡിലൂടെ ഇറങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ജിതേന്ദ്രയുടെ ശ്രദ്ധയിൽപ്പെട്ടത്. ആശങ്കാകുലനായ അദ്ദേഹം തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു, അദ്ദേഹം ബോണറ്റിനടിയിൽ പരിശോധിക്കാൻ നിർദ്ദേശിച്ചു. കാറിൽ നിന്നിറങ്ങി ബോണറ്റ് ഉയർത്തിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതായി ജിതേന്ദ്ര കണ്ടെത്തിയത്.
തീ പെട്ടെന്ന് രൂക്ഷമാവുകയും കാറിന്റെ ഹാൻഡ് ബ്രേക്കിന് തകരാറിലാകുകയും ഡ്രൈവറില്ലാത്ത വാഹനം എലിവേറ്റഡ് റോഡിന്റെ ചരിവിലൂടെ അനിയന്ത്രിതമായി ഉരുളാന്‍ തുടങ്ങുകയും ചെയ്തു. റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് നിർത്തുന്നതിന് മുമ്പ് നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചു. തിരക്കേറിയ പ്രദേശങ്ങളിൽ വാഹന തകരാറുമൂലം ഇത്തരം തീപിടുത്തത്തിന്റെ അപകടസാധ്യതകളെ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ സംഭവം.