ലോകത്ത് രുചികരമായ പലതരത്തിലുള്ള ദോശകളുണ്ട്. അത് ലഭിക്കുന്ന കടകളും നമ്മള്‍ക്ക് പരിചിതമായിരിക്കും. കോഫി ഹൗസില്‍ നിന്നും ലഭിക്കുന്ന ബീറ്ററൂട്ട് മസാല ദോശ, പൊടി ദോശ, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, ചോക്ലേറ്റ് ദോശ എന്നിങ്ങനെ നീളുന്നു. ദോശയിലെ വെറൈറ്റികള്‍. എന്നാല്‍ അധികം ആരും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ദോശ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്, അഹമ്മദാബാദില്‍ നിന്നുള്ള ഒരു തെരുവോരക്കടയും അവിടെ ദോശ ഉണ്ടാക്കുന്ന ചേച്ചിയും.
ഫുഡ് ബ്ലോഗറായ ജനക് ബര്‍ദോലിയ പങ്കിട്ട വീഡിയോയില്‍ ഈ ദോശയ്ക്ക് ‘ ഹെലികോപ്റ്റര്‍ ദോശ’ എന്നാണ് പറയുന്നതത്രേ. വീഡിയോയില്‍ ഈ ദോശ ഉണ്ടാക്കുന്ന ഘട്ടങ്ങളും കാണിക്കുന്നുണ്ട്. ആദ്യം ഒരു പാനിലേക്ക് ദോശമാവ് നേരിട്ട് ഒഴിക്കുന്നു. ഇത് വട്ടം ചുറ്റിക്കുന്നു. പിന്നാലെ ഇതിന് മുകളിലേക്ക് കുറച്ച് മസാലകളും ചട്നികളും അരിഞ്ഞ മല്ലിയിലയും മഞ്ഞ നിറത്തിലുള്ള മസാലയും ചേര്‍ക്കുന്നു. വെന്തതിന് ശേഷം പ്ലേറ്റില്‍ സാമ്പാറും ചട്നിയും ഒഴിച്ച് അതിനോടൊപ്പം മൊരിഞ്ഞ ദോശ വിളമ്പുന്നു.ഹെലികോപ്റ്റര്‍ ദോശ റെഡിയായി.
ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞു. ദോശ പറക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന രീതിയിലുള്ള രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.