Healthy Food

ഇനി വാഴപ്പോള വെറുതെ കളയാന്‍ വരട്ടേ; ഒരു അടിപൊളി വിഭവം ഉണ്ടാക്കാം

വാഴയുടെ ഇലയും പിണ്ടിയും പഴവും കൂമ്പുമെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ്. എന്നാല്‍ വെറുതെ പൊളിച്ച് കളയുന്ന വാഴപ്പോള കൊണ്ട് പലഹാരം ഉണ്ടാക്കാനാകുമെന്ന് അറിയാമോ? ഇന്തോനേഷ്യയില്‍ വളരെ രുചികരമായ ഒരു വിഭവമുണ്ട്. ഇതിന്റെ പേര് ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ്. ഇത് ഉണ്ടാക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതുകൊണ്ട് ഇനി വാഴവെട്ടുമ്പോള്‍ വാഴപ്പോള വെറുതെ പൊളിച്ചു കളയാതെ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ…

ക്രിപിക് ബതാങ്ങ് പിസാംഗ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാഴയുടെ പോള എടുത്ത് നടുവിലെ വല പോലുള്ള ഭാഗം വെട്ടിയെടുക്കുക. ചതുര കഷ്ണമായി ഇത് മുറിക്കുക. പിന്നീട് 6 ലീറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ചുണ്ണാമ്പ്, 3 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ കലക്കുക. പിന്നീട് മുറിച്ച് വെച്ച ഭാഗങ്ങല്‍ ഇതില്‍ കുതിര്‍ത്തുവയ്ക്കുക. കറ പോകുന്നതിനാണിത്. ഒരു ദിവസം മുഴുവന്‍ വെച്ചതിന് ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.

പിന്നീട് ഉപ്പ്, കുരുമുളക്, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ വെള്ളത്തില്‍ ഇട്ട് ഇത് മാരിനേറ്റ് ചെയ്യാന്‍ വെയ്കുക. ഒരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, അരിപ്പൊടി, കടലപൊടി, എന്നവ മികസ് ചെയ്യുക. വാഴപോള കഷ്ണങ്ങള്‍ വെള്ളത്തില്‍ നിന്നെടുത്ത് ഇതില്‍ മുക്കി എടുക്കുക. പിന്നീട് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കഷ്ണങ്ങള്‍ ഒരോന്നായി ഇട്ട് പൊരിക്കാവുന്നതാണ്.

സാധാരണയായി മറ്റ് രാജ്യത്തില്‍ ചിപ്സ് എന്ന് വിളിക്കുന്ന പലഹാരഇനം തന്നെയാണിത്. കിഴങ്ങ് വര്‍ഗ്ഗങ്ങളും മത്സ്യവും മാംസവുമെല്ലാം ഇങ്ങനെ ഫ്രൈ ചെയ്തെടുക്കുന്നതിനെ ഇന്തോനേഷ്യയില്‍ ഇതിനെ വിളിക്കുന്നത് ക്രിപിക് എന്നാണ്.