പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്ന ഒന്നാണന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊറിയ യൂണിവേഴ്‌സിറ്റി അൻസാൻ ഹോസ്പിറ്റലിലെ എംഡി, പിഎച്ച്‌ഡി, സിയുങ് യോങ് ഷിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 5.3 ദശലക്ഷം ആളുകൾ പുകവലി നിർത്തിയ ശേഷം ഹൃദയം സുഖപ്പെടാൻ എത്ര സമയമെടുക്കുമെന്ന് പഠിക്കുകയുണ്ടായി.
എല്ലാ പുകവലിക്കാരിലും പുകവലി നിര്‍ത്തിയ ശേഷമുള്ള അവസ്ഥ തുല്യമല്ല എന്നാണ് ഗവേഷണം കണ്ടെത്തിയത്. പുകവലി ഉപേക്ഷിച്ചതിന് ശേഷം ആരോഗ്യനില മെച്ചപ്പെടാന്‍ ആളുകൾക്ക് അവരുടേതായ വ്യക്തിഗത സമയമെടുക്കും . ചിലർക്ക് ഇത് വർഷങ്ങളെടുക്കും, മറ്റുള്ളവർക്ക് പതിറ്റാണ്ടുകളെടുക്കും.
പുകവലിച്ച വർഷങ്ങളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു വ്യക്തി വലിക്കുന്ന സിഗരറ്റിന്റെ പായ്ക്കറ്റുകളുടെ എണ്ണവും പുകവലിച്ച വർഷങ്ങളുടെ എണ്ണവുമാണ് ഇതിന് പരിഗണിച്ചത്. നേരിയ പുകവലിക്കാരുടെ ഹൃദയാരോഗ്യം പുകവലി ഉപേക്ഷിച്ച് അഞ്ച് മുതൽ പത്ത് വർഷം വരെ കഴിയുമ്പോൾ മെച്ചപ്പെടുന്നതായി പഠനം നിരീക്ഷിച്ചു.
പഠന ഫലങ്ങൾ
ദക്ഷിണ കൊറിയയിലെ 5,391,231 ആളുകളുടെ ആരോഗ്യ രേഖകളിലാണ് സമഗ്രമായ വിശകലനം നടത്തിയത്. ശരാശരി 45.8 വയസ്സുള്ള പുരുഷന്മാരാണ് ഇതിൽ കൂടുതലും. ഇവരെ ശരാശരി 4.2 വർഷത്തേക്ക് ട്രാക്ക് ചെയ്ത് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയുൾപ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികൾ രേഖപ്പെടുത്തി. അവരുടെ പുകവലി ചരിത്രം, പ്രതിദിനം എത്ര സിഗരറ്റുകളുടെ എണ്ണം, പുകവലി ഉപേക്ഷിച്ച സമയം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
പുകവലി ആരോഗ്യത്തിന് ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് പഠനം. വർഷങ്ങളോളം പുകവലിച്ച ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് നിരീക്ഷിക്കപ്പെട്ടു.
പുകവലി ഉപേക്ഷിച്ചാൽ ഉടൻ തന്നെ ആരോഗ്യം മെച്ചപ്പെടുമെന്ന ധാരണയെ ഈ പഠനം വെല്ലുവിളിക്കുന്നു. വാസ്തവത്തിൽ, നമ്മൾ ഉപേക്ഷിച്ചതിന് ശേഷം ശരീരം സ്വാഭാവികമായി സുഖപ്പെടുത്താൻ വളരെയധികം സമയമെടുക്കുന്നു. പുകവലിയുടെ ദീർഘകാല ആഘാതം വളരെ വലുതാണെന്ന് ഈ പഠനങ്ങൾ ചൂണ്ടികാണിക്കുന്നു