Health

മഞ്ഞള്‍, നെല്ലിക്ക, ഇഞ്ചി, കുരുമുളക് പാനീയം വയറിലെ കൊഴുപ്പ് അലിയിക്കുമോ?

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളുടെയും വിഭവങ്ങളുടെയും പാചകക്കുറിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അനവധിയാണ് . അംഗീകൃത പോഷകാഹാര വിദഗ്ധയായ നേഹ പരിഹാര്‍ ഭാരം കുറയ്ക്കുന്നതിനുള്ള വിദ്യകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിട്ടുണ്ട് .

അടിവയറ്റിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം അടുത്തിടെ നേഹ പങ്കുവയ്ക്കുകയുണ്ടായി.

വീഡിയോയില്‍ നെല്ലിക്ക , ഓറഞ്ച്, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി ഇവയെ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച ഒരു ജ്യൂസ് നേഹ കുടിക്കുന്നത് കാണാം. യഥാര്‍ത്ഥത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പാനീയം ശരിക്കും സഹായിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം.

ന്യൂ ഡെല്‍ഹി മണിപ്പാല്‍ ഹോസ്പിറ്റല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് കണ്‍സള്‍ട്ടന്റ് വൈശാലി വര്‍മ, എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഈ ജ്യൂസ് വയറിലെ കൊഴുപ്പ് നീക്കം ചെയ്യില്ല എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്നത് അതിന്റെ പകുതി ഗുണങ്ങളും നഷ്ടപ്പെടാന്‍ കാരണമാകും .

എന്തെന്നാല്‍ ജ്യൂസ് അരിച്ചെടുക്കുന്നതിലൂടെ അവയുടെ നാരുകളും അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും നഷ്ടപ്പെടുന്നു. നാരുകള്‍ ശരീരത്തിന് വളരെ പ്രയോജനകരമാണ്, കാരണം ഇത് നമ്മുടെ ദഹനത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഒരു പൂര്‍ണ്ണത നല്‍കുകയും ചെയ്യുന്നു, ഒപ്പം ഇത് ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ അരിച്ചെടുത്ത ജ്യൂസ് കുടിച്ചാല്‍ വെള്ളത്തില്‍ ലയിക്കുന്ന ചില വിറ്റാമിനുകള്‍ മാത്രമേ നമ്മുടെ ശരീരത്തില്‍ ലഭിക്കുന്നുള്ളൂ.

ഈ പാനീയം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

വയറില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യില്ലെങ്കിലും ഈ ചേരുവകളില്‍ ഓരോന്നിനും ശരീരത്തെ സഹായിക്കുന്ന മറ്റ് ഗുണങ്ങളുള്ളതായി ഡയറ്റീഷ്യന്‍ പറയുന്നു.

ഓറഞ്ചും നെല്ലിക്കയും: ഇവ രണ്ടും വിറ്റാമിന്‍ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും മികച്ച ഉറവിടങ്ങളാണ്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ അയണ്‍ ആഗിരണം ചെയ്യുന്നതിനും നമ്മുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു.

കുരുമുളക്: ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് മഞ്ഞളുമായി ചേരുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്നു .

മഞ്ഞള്‍: മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റായി ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇഞ്ചി: ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ഘടകമാണ് ഇഞ്ചി, കാരണം ഇത് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനക്കേട്, ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.